കൊലപാതക ശേഷം പ്രതി ബിലാല്‍ ഒരു മണിക്കൂറോളം അതേ വീട്ടില്‍ ചിലവഴിച്ചു, ക്രൂരമായി തലക്കടിച്ച് കൊന്നത് അഭയം നല്‍കിയ വീട്ടമ്മയെ; താഴത്തങ്ങാടി കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതയുടെ കഥ
കോട്ടയം: താഴത്തങ്ങാടി കൊലപാതകത്തില്‍ പുറത്ത് വരുന്നത് കൊടുംക്രൂരതയുടെ ഞെട്ടിക്കുന്ന കഥ. അഭയം നല്‍കുകയും സാമ്പത്തികമായി സഹായം നല്‍കുകയും ചെയ്ത കുടുംബത്തെയാണ് പ്രതി ബിലാല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ വീടിനുള്ളില്‍ കയറി പ്രതി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീബ തിങ്കളാഴ്ച തന്നെ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താഴത്തങ്ങാടി സ്വദേശിയായ മുഹമ്മദ് ബിലാലിനെയാ (23) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം ഇന്നു രാവിലെ അറസ്റ്റ് ചെയ്തു.
മേയ് 31 ന് ന് രാത്രിയിലാണ് പ്രതിയായ മുഹമ്മദ് ബിലാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇയാള്‍ രാത്രി മുഴുവന്‍ പല സ്ഥലങ്ങളിലും ചിലവഴിച്ചു. പല സ്ഥലത്തും കിടന്നുറങ്ങിയ പ്രതി പുലര്‍ച്ചെയോടെ കൊല്ലപ്പെട്ട ദമ്പതിമാരുടെ വീട്ടിലെത്തി. തുടര്‍ന്ന് കോളിംങ്ങ് ബെല്‍ മുഴക്കി വീടിനുള്ളില്‍ കയറി. വാതില്‍ തുറന്ന് അകത്ത് കയറിയ പ്രതി വെള്ളം ആവശ്യപ്പെട്ടു. തുടര്‍ന്ന് വെള്ളവുമായി ഷീബ തിരികെ എത്തി. വെള്ളം നല്‍കിയ ശേഷം ഷീബ അടുക്കളയില്‍ പോയപ്പോഴേയ്ക്ക് ടീപ്പോയി എടുത്ത് സാലിയെ പ്രതി അടിച്ച് വീഴ്ത്തി. ശബ്ദം കേട്ട് ഷീബ ഓടിയെത്തിയപ്പോള്‍ ഇവരെയും അടിച്ച് വീഴ്ത്തി. തുടര്‍ന്ന് വീടിന്റെ രണ്ട് വാതിലുകളും അടച്ച പ്രതി അലമാര തുറന്ന് പരിശോധിച്ചു. അലമാരയില്‍ നിന്നും പണവും സ്വര്‍ണവും വീടിന്റെയും കാറിന്റെയും താക്കോലും കൈക്കലാക്കി രക്ഷപെടാനായി മൃതദേഹം കിടന്ന മുറിയില്‍ എത്തി.
ഇവിടെ വച്ച് സാലിയ്ക്ക് അനക്കം കണ്ടതോടെ പ്രതി ഇരുവരുടെയും കൈകള്‍ പിന്നിലേയ്ക്ക് വച്ച് കെട്ടി ഷോക്ക് അടിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടര്‍ പുറത്ത് എടുത്ത് കൊണ്ടുവന്ന ശേഷം തുറന്ന് വിട്ടു. പുറത്തിറങ്ങി വീട് പൂട്ടിയ ശേഷം കാറില്‍ രക്ഷപെടുകയായിരുന്നു.
ആലപ്പുഴ ഭാഗത്തേയ്ക്ക് രക്ഷപെട്ട പ്രതി ചെങ്ങളത്തെ പമ്പില്‍ കയറി ഇന്ധനം നിറച്ചു. ഇവിടെ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പോലീസിന് നിര്‍ണ്ണായക തെളിവായി മാറിയത്. തുടര്‍ന്ന് പ്രതി എറണാകുളം ഭാഗത്തേയ്ക്ക് രക്ഷപെടുകയായിരുന്നു. എറണാകുളം ഭാഗത്ത് ഹോട്ടല്‍ ജീവനക്കാരന്‍ എന്ന രീതിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. അവിടെ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.