വീട്ടില്‍ നിന്ന് ഗ്ലൗസ് കണ്ടെത്തി, പോലീസ് നായ മണം പിടിച്ച് സമീപത്തെ ചായക്കടയിലേക്ക്; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിക്കായി വല വിരിച്ച് പോലീസ്
കോട്ടയം: കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. വീട്ടിലെ ഒരു മുറിയില്‍ നിന്ന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ച ഒരു ഗ്ലൗസ് കണ്ടെത്തി. ഈ ഗ്ലൗസില്‍ നിന്ന് മണം പിടിച്ച പോലീസ് നായ വീടിനു ഒരു കിലോമീറ്റര്‍ അകലെയുള്ള ഒരു ചായക്കടയിലേക്കാണ് പോയത്. പ്രതി കൊല നടത്താന്‍ ഉപയോഗിച്ച ഗ്ലൗസ് ആയിരിക്കും ഇതെന്നാണ് പോലീസ് കരുതുന്നത്.
താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭര്‍ത്താവ് അബ്ദുള്‍ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ വളരെ നേരത്തെ തന്നെ അക്രമിസംഘം എത്തിയതായാണ് പോലീസിന്റെ നിഗമനം. അബ്ദുള്‍ സാലിയുടെ വീട്ടിലുണ്ടായിരുന്ന കാര്‍ മോഷണം പോയിട്ടുണ്ട്. കാറുമായി ഒരാള്‍ പോകുന്നത് തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ദുരൂഹത നീക്കണമെങ്കില്‍ കാറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കാറിനു പിന്നാലെയാണ് അന്വേഷണസംഘം ഇപ്പോള്‍.
ഇന്നലെ രാവിലെ പത്തിനാണ് കാര്‍ അവിടെ നിന്ന് പോകുന്നതായി തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ഒരാള്‍ മാത്രമാണ് കാറിനുള്ളില്‍ ഉള്ളതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. കൊല്ലപ്പെട്ട ഷീബയുടെ സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കയ്യില്‍ ധരിച്ചിരുന്ന വളകള്‍ കാണാനില്ലെന്ന് ഷീബയുടെ ഭര്‍തൃസഹോദരന്‍ പറഞ്ഞു.
ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയില്‍ കിടക്കുന്നുണ്ട്. പരിചയമുള്ള ആരോ വന്നപ്പോള്‍ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആകുമിതെന്നാണ് പോലീസ് കരുതുന്നത്. അടുക്കളയില്‍ ചപ്പാത്തി വേവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷീബ. വീട്ടിലേക്ക് ആരോ വന്നപ്പോള്‍ ചപ്പാത്തി ഉണ്ടാക്കുന്നത് നിര്‍ത്തി ഹാളിലേക്ക് വന്നതാകുമെന്നും പോലീസ് കരുതുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭര്‍ത്താവ് അബ്ദുള്‍ സാലിക്ക് ഓര്‍മ തെളിഞ്ഞാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകും.
വീട്ടിലെ പാചക വാതകം തുറന്നു വിട്ട നിലയിലായിരുന്നു. ദമ്പതികള്‍ ആക്രമിക്കപ്പെട്ട കാര്യം ഇന്നലെ വൈകീട്ടാണ് നാട്ടുകാര്‍ അറിയുന്നത്. പാചകവാതകത്തിന്റെ ഗന്ധം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നത്. പാചകവാതകത്തിന്റെ മണം വരുന്നത് എവിടെ നിന്നാണെന്ന് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ട നിലയില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഷീബയുടെയും ഭര്‍ത്താവിന്റെയും ശരീരത്തില്‍ വൈദ്യുതിവയര്‍ കെട്ടി വച്ചിരുന്നു.