തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. മണ്ഡലത്തില്‍ തരൂര്‍ ചിത്രത്തില്‍ പോലുമില്ലെന്നും വാശിയേറിയ പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് ഇത്തരമൊരു പരാമര്‍ശം ഇടത് സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു.
പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ഇത് തന്നെ മാനസികമായി വിഷമിപ്പിച്ചിരുന്നുവെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അന്ന് പ്രതികരിച്ചിരുന്നു. അതേസമയം,ജയം തനിക്ക് ഉറപ്പാണെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ജനങ്ങള്‍ വലിയ ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിറ്റിംഗ് എംപി ശശി തരൂരും മുന്‍ എംപി പന്ന്യന്‍ രവീന്ദ്രനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ശക്തമായ പോരാട്ടമാണ് തലസ്ഥാനത്ത് നടക്കുന്നത്. മൂന്ന് മുന്നണികളും പ്രചാരണത്തിലും ഒപ്പത്തിനൊപ്പം മുന്നേറുന്നതായിരുന്നു തലസ്ഥാന മണ്ഡലത്തിലെ സ്ഥിതിവിശേഷം.
നഗരമണ്ഡലങ്ങളില്‍ ബിജെപിക്ക് നേരിയ മേല്‍ക്കൈ ഉണ്ടെങ്കിലും തീരദേശ മേഖലയിലും നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലും വലിയ മേല്‍ക്കൈ കോണ്‍ഗ്രസിനാണ് പരമ്പരാഗതമായി അവകാശപ്പെടാന്‍ കഴിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ആറിടത്തും വിജയിച്ചതാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്ന ഘടകം.