33.4 C
Kottayam
Monday, May 6, 2024

കനൗജില്‍ എസ്.പിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്;അഖിലേഷ് യാദവ് ജനവിധി തേടും

Must read

ലഖ്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മത്സരിക്കും. വ്യാഴാഴ്ച അഖിലേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി എക്‌സിലൂടെ അറിയിച്ചു.

കനൗജില്‍ നേരത്തെ എസ്പി അഖിലേഷിന്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. മുലായം സിങ് യാദവിന്റെ സഹോദരന്‍ രത്തന്‍ സിങിന്റെ ചെറുമകനാണ് തേജ്പ്രതാപ്. അദ്ദേഹത്തെ മാറ്റിയാണ് അഖിലേഷിന്റെ സ്ഥാനാര്‍ഥിത്വം എസ്പി പ്രഖ്യാപിച്ചിരിക്കുന്നത്.

സമാജ് വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കനൗജില്‍ കഴിഞ്ഞ തവണ പാര്‍ട്ടിക്ക് അടിത്തെറ്റിയിരുന്നു. അഖിലേഷിന്റെ ഭാര്യ ഡിമ്പിള്‍ യാദവിനെ ബിജെപിയുടെ സുബ്രത് പതക് പരാജയപ്പെടുത്തി. അതിന് മുമ്പ് രണ്ടുത്തവണ ഡിമ്പിള്‍ യാദവ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 മുതല്‍ ഒരു പതിറ്റാണ്ടിലേറെ അഖിലേഷും ഇവിടെ എംപിയായിരുന്നിട്ടുണ്ട്. സിറ്റിങ് എംപി സുബ്രത് പതക് തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി.

2019-ലെ തിരഞ്ഞെടുപ്പില്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2022-ല്‍ നിയമസഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്.

ഉത്തര്‍പ്രദേശിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ അഖിലേഷ് ഇത്തവണ മത്സരത്തിനില്ലെന്നായിരുന്നുവെന്നാണ്‌ എസ്പി ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ കനൗജില്‍ തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടായ സാഹചര്യത്തിലാണ് അഖിലേഷ് ഇവിടെനിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം നടക്കുന്ന മെയ് 13-നാണ് കനൗജില്‍ വോട്ടെടുപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week