കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ട് പോയി വിട്ടയച്ച പ്രവാസി മുഹമ്മദ് ഷാഫിയുടെ മൊഴി പുറത്ത്. തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്ന് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു. ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയതെന്നും ഷാഫി മൊഴി നല്‍കി.
തട്ടിക്കൊണ്ടു പോയവര്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ക്വട്ടേഷന്‍ ടീം ഷാഫിയെ മൈസൂരിലേക്ക് ബസില്‍ കയറ്റി വിടുകയും ബന്ധുക്കള്‍ അവിടെ വന്ന് കൂട്ടുകയുമായിരുന്നു എന്ന് ഡിഐജി നേരത്തെ അറിയിച്ചിരുന്നു.
തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കും. അന്വേഷണം ശരിയായ രീതിയില്‍ ആണെന്ന് മനസിലായപ്പോഴാണ് വിട്ടയച്ചത്. അറസ്റ്റിലായ നാലു പേര്‍ക്കും കൃത്യമായ പങ്കുണ്ട്. തട്ടി കൊണ്ടുപോയത് കര്‍ണാടകയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണ്’, കണ്ണൂര്‍ റേഞ്ച് ഡിഐജി പി വിമലാദിത്യ വ്യക്തമാക്കി.
തിരികെ എത്തിയ ഷാഫിയെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്. തട്ടിക്കൊണ്ടു പോയവര്‍, തന്നെ മൈസൂരില്‍ ഇറക്കി വിട്ടെന്നും അവിടെ നിന്ന് ബസില്‍ താമരശേരിയിലെ ഭാര്യ വീട്ടില്‍ എത്തിയതെന്നുമാണ് ഷാഫിയുടെ മൊഴി. എന്നാല്‍ ഷാഫിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് ഷാഫി തിരികെ നാട്ടിലെത്തുന്നത്.
കഴിഞ്ഞ ഏഴാം തീയതിയാണ് പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയും ഭാര്യ സനിയയെയും സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയിലിറക്കി വിടുകയായിരുന്നു. തട്ടിക്കൊണ്ട് പോകുന്നതിന് രണ്ടാഴ്ച മുമ്പാണ് സംഘം നിരീക്ഷണത്തിനായി പരപ്പന്‍പൊയില്‍ ഭാഗത്ത് എത്തിയത്. കേസില്‍ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇസ്മായില്‍ ആസിഫ്, ഹുസൈന്‍, മുഹമ്മദ് നൗഷാദ്, അബ്ദുറഹ്മാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.