ശ്രീനഗർ: ശ്രീനഗറിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇൻസ്‌പെക്ടർ മസ്‌റൂർ അഹമ്മദ് വാനിക്ക് നേരെ തീവ്രവാദികൾ വെടിവെച്ചത്. ഞായറാഴ്ച വെെകീട്ടായിരുന്നു സംഭവം.
ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളേറ്റിട്ടുണ്ട്. അക്രമം നടന്ന ഉടൻ തന്നെ വാനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചതായി കശ്മീർ പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
തീവ്രവാദി ആക്രമണമുണ്ടായ സാഹചര്യത്തിൽ പോലീസും അർധസെെനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമികൾക്കായുള്ള തിരച്ചിലും പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. വടക്കൻ കശ്മീരിലെ നിയന്ത്രണ രേഖയിൽ തീവ്രവാദികൾ നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം സെെന്യം പരാജയപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. അഞ്ച് ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികളെ സെെന്യം അന്ന് വധിച്ചിരുന്നു.