ഞാന്‍ തേജസ്വി യാദവാണ് സംസാരിക്കുന്നത്” ബീഹാറിൽ വൈറലായി ഫോൺ കോൾ

പട്‌ന: ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിന്റെ ഫോണ്‍ കോള്‍ ബിഹാറില്‍ വൈറല്‍. അധ്യാപകരുടെ സമരവേദിയില്‍ നിന്ന് ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പട്‌നയില്‍ പ്രതിഷേധിക്കുന്ന അധ്യാപകര്‍ക്ക് പിന്തുണയുമായാണ് ആര്‍ജെഡി നേതാവ് എത്തിയത്. നേരത്തെ തീരുമാനിച്ച സ്ഥലത്ത് ധര്‍ണ നടത്താന്‍ അനുമതി നല്‍കുന്നില്ലെന്ന് അധ്യാപകര്‍ തേജസ്വിയോട് പരാതിപ്പെട്ടു. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ്, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി സംസാരിച്ച് ധര്‍ണക്ക് അനുമതി തേടുകയായിരുന്നു. ഇതില്‍ ജില്ലാ മജിസ്‌ട്രേറ്റി് ചന്ദ്രശേഖര്‍ സിങ്ങുമായി സംസാരിക്കുന്ന വീഡിയോയാണ് പുറത്തായത്.

”ഇവര്‍ക്ക് ധര്‍ണക്ക് ഓരോ ദിവസവും അനുമതി തേടണോ. എന്തുകൊണ്ടാണ് അനുമതി നല്‍കാത്തത്. ലാത്തിചാര്‍ജ്ജില്‍ അവരുടെ ആഹാര സാധനങ്ങള്‍ വലിച്ചെറിഞ്ഞു. ഓടിയവരില്‍ ചിലര്‍ എന്നോടൊപ്പം പാര്‍ക്കിലാണ്. ഞാന്‍ ഇപ്പോള്‍ വാട്‌സ് ആപ്പില്‍ അപേക്ഷ അയക്കും. ദയവായി അനുമതി നല്‍കണം”- തേജസ്വി പേര് പറയാതെ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു. നോക്കാമെന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ ആദ്യ മറുപടി. എത്രസമയത്തിനുള്ളില്‍ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്നെ ചോദ്യം ചെയ്യുകയാണോ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു.

ഇതോടെയാണ് തേജസ്വി പേര് പറഞ്ഞു. ”ഡിഎം സാബ്, ഞാന്‍ തേജസ്വി യാദവാണ് സംസാരിക്കുന്നത്” എന്നായിരുന്നു പറഞ്ഞത്. ഇതോടെ അങ്ങേതലക്കല്‍ നിശബ്ദദയും പിന്നീട് ‘സര്‍’ എന്ന വിളിയും. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ സഹായിയായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണിയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.