33.9 C
Kottayam
Sunday, April 28, 2024

തൊഴില്‍ നഷ്ടപ്പെട്ടു; ടെക്കിയും ഭാര്യയും മക്കളും ആത്മഹത്യ ചെയ്ത നിലയില്‍

Must read

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ടെക്കിയും ഭാര്യയും മക്കളുമുള്‍പ്പെടെ നാലംഗ കുടുബം ആത്മഹത്യ ചെയ്ത നിലയില്‍. 45 കാരനായ അഭിഷേക് സക്സേന, ഭാര്യ പ്രീതി സക്സേന, 14 വയസുള്ള മകന്‍ അദ്വിത്, മകള്‍ അനന്യ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് ഇന്‍ഡോറിലെ ഖുഡേല്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്നു അഭിഷേക് എന്ന് പോലീസ് പറഞ്ഞു. സോഡിയം നൈട്രേറ്റ് ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ തെളിവുകളും പോലീസ് കണ്ടെത്തി.

ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഇയാള്‍ക്ക് നഷ്ടമുണ്ടായതായും ഇതും ആത്മഹത്യയിലേക്ക് നയിച്ചതായും പോലീസ് കരുതുന്നു. അഭിഷേകിന്റെ ലാപ്‌ടോപും മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇ-മെയിലുകളും പോലീസ് പരിശോധിച്ചു വരികയാണ്. അപ്പോളോ ഡിബി സിറ്റിയിലെ വാടക ഫ്ളാറ്റിലായിരുന്നു അഭിഷേകും കുടുംബവും താമസിച്ചത്. ഇവിടെ ഇദ്ദേഹത്തിന്റെ 82 വയസുള്ള അമ്മയും ഉണ്ട്.

ബുധനാഴ്ചയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ടും മുറിയില്‍ നിന്നും ഇവര്‍ പുറത്തുവരാത്തതുകണ്ട് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിവരം അറിഞ്ഞത്. മരിച്ചവരുടെ നഖങ്ങള്‍ നീലനിറത്തിലായതായി പൊലീസ് കണ്ടെത്തിയിരുന്നു. മുറിയിലെ ഒരു കുപ്പിയില്‍ രാസവസ്തുവും കണ്ടെത്തി.

ഇന്‍ഡോറിലെ പലാസിയയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയിലായിരുന്നു അഭിഷേകിന് ജോലി. ജോലി നഷ്ടമായതിനെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഒരു മള്‍ട്ടിനാഷണല്‍ ഇ-കൊമേഴ്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയ അവസ്ഥയിലായിരുന്നു കുടുംബമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week