24.2 C
Kottayam
Sunday, November 17, 2024
test1
test1

‘ഹെല്‍മെറ്റില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ക്കാണുന്ന ഞാനുണ്ടാകുമായിരുന്നില്ല’ അധ്യാപകന്റെ കുറിപ്പ് വൈറലാകുന്നു

Must read

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അധ്യാപകന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. അപകടത്തില്‍പ്പെട്ട അനുഭവം പറഞ്ഞുകൊണ്ടാണ് വി കെ ജോബിഷ് എന്ന അധ്യാപകന്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പിന്‍സീറ്റിലുള്ളവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ജോബിഷ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം

 

മരണമെത്തുന്ന നേരത്ത്.
………………………………….
ഒരപകടത്തിൽപ്പെട്ടു കഴിഞ്ഞാൽ അതിനു മുമ്പുള്ള നിമിഷങ്ങളിലേക്ക് ഏതൊരാളും ഒരായിരം വട്ടം പോയി വരും.അപ്പോൾ ഓരോന്നോരോന്നായി കൂടുതൽക്കൂടുതൽ തെളിയും. കഴിഞ്ഞുപോയതെല്ലാം ആ അപകടത്തിനു വേണ്ടി ഒറ്റയ്ക്കൊറ്റയ്ക്കു നിന്ന സംഭവങ്ങളായിരുന്നെന്ന് അപ്പോഴറിയും. ഇനി മടങ്ങിച്ചെന്ന് നേരെയാക്കാനാവാത്തവ. അതുകൊണ്ടുതന്നെ ഈ കഴിഞ്ഞ നവംബർ പത്തിന്റെ ഞായറാഴ്ചയിലെ നിമിഷങ്ങളെയെല്ലാം ഓർമ്മയിൽ ഞാൻ ഫ്രീസ് ചെയ്തു വെച്ചിട്ടുണ്ട്.

അന്നായിരുന്നു കൂട്ടുകാർ സഫിയയും സാജുബായിയും കൂടി മുഴപ്പിലങ്ങാട് പുതിയ വീട്ടിലേക്ക് താമസിക്കുന്നത്.ആ സന്തോഷത്തിൽ ചേർന്നുനിൽക്കാൻ അവർ എന്നെയും വിളിച്ചിരുന്നു. അപ്പോൾ ആ വീട്ടിൽ ഞാൻ കൊടുക്കുന്നൊരു ചിത്രം ചുമരിൽ എക്കാലവും തൂങ്ങിക്കിടക്കുന്നതായി സ്വപ്നം കണ്ടു. ഒപ്പം എനിക്കപരിചിതമായ ഒരിടത്തു നിന്നും വരച്ചുകൊണ്ടിരുന്ന ചിത്രകാരൻ അഭിലാഷ് തിരുവോത്തിനെയും ഓർത്തു. പിന്നെ അവനെനിക്കായി വരച്ച് ഫ്രെയിം ചെയ്തുവെച്ച പെയിന്റിംഗെടുക്കാൻ ചെല്ലാൻ ശനിയാഴ്ച വൈകുന്നേരം മുതൽ വിളിച്ചുകൊണ്ടിരുന്നു. പക്ഷെ ആ വിളികളൊന്നും എന്റെ ചെവിയറിഞ്ഞില്ല. വരാനിരിക്കുന്ന അപകടത്തിനുവേണ്ടി ശബ്ദം ഒളിച്ചു നിന്നതാവാമെന്ന് പിന്നെത്തോന്നി.!
പാതിരാത്രിയാണ് അവന്റെ മിസ്ഡ് കോൾ കണ്ടത്. അതുകൊണ്ട് ഞായർ രാവിലെ ചിത്രവുമായി അവൻ പേരാമ്പ്രയിൽ കാത്തുനിന്നു. രാവിലെയുടെ തിരക്കു കഴിഞ്ഞ് ഒൻപത് മണിയിൽ നിന്ന് ഞാനും മരുമകൾ മാളുവും കൂടി ബൈക്കുമായി പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള അവനിലേക്ക് പുറപ്പെട്ടു. ആ ചിത്രവും വാങ്ങി കണ്ണൂരേക്കു പോണം. ഞായറാഴ്‌ചയായതിനാൽ റോഡിൽ വാഹനങ്ങളും കുറവായിരുന്നു. പന്നിമുക്കെന്ന സ്ഥലത്തെത്തിയപ്പോൾ എതിരെ വരുന്ന ഒരു ബൈക്കുകാരന്റെ കൺഫ്യൂഷനെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. പെട്ടെന്നയാൾ ഞങ്ങൾക്കു മുന്നിൽ ബൈക്കുമായി ക്രോസ് ചെയ്യാനൊരുങ്ങിയതും അയാളെ ഇടിക്കരുതല്ലോയെന്ന് കരുതി കൈപ്പിഴ സംഭവിച്ചതും ഓർമ്മയിലുണ്ട്. പാഞ്ഞുപോയ ബൈക്ക് സ്കിഡായി ഞങ്ങൾ റോഡിലേക്ക് തെറിച്ചുവീണതും ആളുകൾ കൂടിയതും താടിപൊട്ടി ചോരവന്നതും നിയമം പാലിക്കാതെ പെട്ടെന്ന് വണ്ടി ക്രോസ് ചെയ്തതിനെ ഞാനും ഓടിക്കൂടിയവരും കുറ്റം പറഞ്ഞതും തല പെരുത്തതുമെല്ലാം ഒരുമിച്ച്. പിന്നെ അവൻ എന്നെയും മാളുവിനെയും കയറ്റി ഓട്ടോയിൽ തൊട്ടടുത്തെ ഹോസ്പിറ്റലിൽ പോയി.

തലയ്ക്കകത്തു നിന്ന് കഠിനമായ വേദന തുടങ്ങിയപ്പോൾ താടിയിൽ നിന്നൊഴുകുന്ന ചോരയെ ഞാൻ മറന്നു തുടങ്ങി.ബോധം മറയുമെന്ന സൂചന വന്നതോടെ ഫോണിൽ കൂട്ടുകാരിലൊരാളിലേക്ക് മാളു വിവരം കൈമാറി. മെല്ലെപ്പോയിക്കൊണ്ടിരിക്കുന്ന ഓട്ടോ ക്ലിനിക്കിനു മുന്നിലെത്തിയപ്പോൾ ചാടിയിറങ്ങി സ്ട്രച്ചറിൽക്കിടന്ന ചോരയൊഴുകുന്ന എന്റെ മുഖം കണ്ട് ‘ഇവിടെ നിന്ന് ഒന്നും ചെയ്യാനാവില്ല. വേഗം മറ്റെവിടെയെങ്കിലുമെത്തിക്കൂ’ എന്ന് അവിടുത്തെ ഡോക്ടർ. പിന്നെയും വണ്ടിയിൽ ഓടിക്കയറി.പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റലിലേക്ക്. അവിടുത്തെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞുകയറി ബെഡ്ഡിൽക്കിടന്ന എന്നോട് ‘പേടിക്കേണ്ട പ്രശ്നമല്ലെന്ന് ‘ ഹെഡ്നഴ്സ്. അപ്പോളവിടെ ആകെയുണ്ടായിരുന്ന ഒരു ഡോക്ടർ മറ്റൊരാളുമായി തിരക്കിലുമായിരുന്നു.
എന്റെ കാര്യത്തിൽ അതെപ്പോഴും അങ്ങനെയാണ്. അതവിടെയും ആവർത്തിച്ചു.!
തലയ്ക്കകത്തു നിന്നും ഭീകരവേദനയെന്ന് പറഞ്ഞപ്പോൾ ‘ഇതൊക്കെ ബൈക്ക് ആക്സിഡന്റിൽ സാധാരണയെന്ന്’ ഇടയിൽ വന്ന നഴ്സ് പിന്നെയും ആശ്വസിപ്പിച്ചു.അപ്പോഴേക്കും ചിത്രവുമായി കാത്തു നിന്ന അഭിലാഷും, നിധിനും അവിടെയെത്തിയിരുന്നു. ആക്സിഡന്റ് കേസിന് വേണ്ടത്ര ഗൗരവം കൊടുക്കാത്തതെന്താണെന്ന അവരുടെ ചോദ്യം ഉയർന്നതോടെ തിരക്കിൽ നിന്നും ഡോക്ടർ വന്നു. ‘ഓ.. ഇതോ ഇത്..താടിയിൽ സ്റ്റിച്ചിട്ട് വീട്ടിലേക്ക് പോകാമെന്നും താടിയല്ലേ പേടിക്കാനില്ലെന്നും’ അവർ.പിന്നെയും കിടന്നു പത്തു മിനിറ്റ്. പക്ഷെ എനിക്ക് വേദന കൂടിക്കൂടി വന്നു. ശേഷം ഡോക്ടർ സ്റ്റിച്ചിടാനായി വന്നു.തലയ്ക്കകം പെരുക്കുന്നു എന്ന് ഞാൻ. പിന്നെ എന്തൊക്കെയോ.. ആ സംഭാഷണം അവസാനിക്കുന്നതിനു മുൻപ് എന്റെ രണ്ട് ചെവിയിലൂടെയും ചോരയൊഴുകാൻ തുടങ്ങി. അതുകണ്ടുനിന്ന ഡോക്ടറും നഴ്സും ഉടൻ ഗൗരവത്തിലായി.’അയ്യോ ഇതിനി ഇവിടെ നിന്നാൽ കുഴപ്പമാവും. മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്തുവിടാ’മെന്ന് ഡോക്ടർ നഴ്സിനോട്. അതോടെ എന്റെ മനസിൽ തീ കാളി. തുടർന്ന് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണ് നിൽക്കുന്നതെന്ന തോന്നൽ എങ്ങനെയോ എന്റെയുള്ളിലേക്ക് കയറിക്കൂടി. വീൽച്ചെയറിൽ മുറ്റത്തുള്ള ആംബുലൻസിലെ സ്ട്രെചറിൽക്കിടത്തി. ശേഷം ആശുപത്രിയിൽ നിന്ന് നിശ്ചലമായി എന്നിലേക്കു തുറിച്ച ആൾക്കൂട്ടത്തിന്റെ കണ്ണുകളെ പിന്നിലാക്കി ആംബുലൻസ് കോഴിക്കോട്ടേക്ക് പാഞ്ഞു. ഒപ്പം ബൈക്കുമായി ക്രോസ് ചെയ്തവനും അഭിലാഷും നിധിനും മാളുവും. എന്റെ ചെവിയിൽ നിന്നുള്ള ചോരയിറക്കം അവരുടെ പിന്നീടുള്ള കോളുകളിലെല്ലാം ഭയം നിറച്ചു. മിംമ്സ്, ബേബി മെമ്മോറിയൽ, മെഡിക്കൽ കോളെജ് എവിടേക്കാണ് പോകേണ്ടത്. എവിടേക്കു പോയാലും അവിടുന്ന് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലുമെടുക്കുമെന്നറിയാം.
ഞായറാഴ്ച ഡോക്ടർമാർ ലീവായിരിക്കുമോ. സ്കാനിംഗ് പെട്ടെന്നു നടക്കുമോ.തലയായതുകൊണ്ട് പെട്ടെന്നെല്ലാം നടക്കണം. അല്ലെങ്കിലപകടമാകും. അവർ നഗരത്തിലുണ്ടായിരുന്ന സുഹൃത്ത് കരുണനെ ഓർമ്മിപ്പിച്ചു. അവൻ മിംമ്സിലേക്കു പോയി. അവിടേക്കു വരാൻ പറഞ്ഞു.ചെവിയിൽ നിന്ന് ചോരയൊഴുകുന്നുണ്ട്. അഭിലാഷ് ആംബുലൻസിലെ ഡ്രൈവറോട് പഞ്ഞിയുണ്ടോ എന്ന് ചോദിക്കുന്നതും ഇല്ലെന്ന് അയാൾ പറഞ്ഞതും പിന്നെ നിധിൻ ടവ്വലെടുത്ത് തലയ്ക്കടിയിൽ വെച്ചതും ഓർമ്മയുണ്ട്.

ഞാൻ കോഴിക്കോടെത്തുമോ.അതോ..!
വണ്ടിയുടെ വേഗം എന്റെ ആലോചനയെ വഴിതെറ്റിച്ചു തുടങ്ങി. വേദന കൂടുമ്പോൾ ദൂരവും കൂടുമല്ലോ.! കോഴിക്കോടെത്തിയോയെന്ന് ഇടയ്ക്കിടെ ഞാൻ ചോദിച്ചു കൊണ്ടിരുന്നു.
സമയം കഴിഞ്ഞിട്ടും ഞങ്ങളെത്താത്തതിനാൽ വീട്ടിൽ നിന്നും ലിസ്നയുടെ ഫോൺ കോളുകൾ. ഫോണെടുത്താൽ ആംബുലൻസിന്റെ ശബ്ദം കേൾക്കുമെന്നതുകൊണ്ട് കോഴിക്കോടെത്തിയിട്ടെടുത്താൽ മതിയെന്ന് തീരുമാനം. എനിക്കാണെങ്കിൽ അപ്പോഴേക്കും വേദനയെല്ലാം മാറി. മരണത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്നതു പോലെ തോന്നി. മാത്രമല്ല അപകടത്തിൽ തീർന്നു പോയ പല ജീവിതങ്ങളും അപ്പോൾ ഓർമ്മയിൽ തൂങ്ങിക്കയറി.അവരിൽ പലരും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരിച്ചതെന്നും ഞാനോർത്തു. പിന്നെ അവരോടൊപ്പം ഞാൻ എന്നെയും ചേർത്തു വെച്ചു. ജീവിതമിങ്ങനെ പെട്ടെന്നു തീർന്നു പോയല്ലോ എന്ന നിരാശയായിരുന്നു പിന്നീടെനിക്ക്.
ചിത്രം വാങ്ങാൻ പോയ ഒരാൾ റോഡിൽ ചുവന്ന ചിത്രമായിത്തീരുന്ന ഒരു ദൃശ്യത്തെയും ആ കിടപ്പിൽ ഞാൻ ഭാവന ചെയ്തു.

വണ്ടി മിംമ്സിലെത്തി. എമർജൻസിയിൽ ഡോക്ടർമാരും സംഘവും.ആദ്യം തന്നെ സംഭവം സമയം തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച് മെമ്മറിയിലേക്ക് പ്രവേശിക്കുന്നു. തുടർന്ന് കാഴ്ചയിലേക്കുള്ള ചോദ്യങ്ങൾ.തിരിച്ചും മറിച്ചുമിട്ട് എല്ലുകളെല്ലാം തൊട്ടു നോക്കി ചോദ്യങ്ങൾ തുടരുന്നു. ശേഷം സ്കാനിംഗ്. അതുകഴിഞ്ഞാലേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ ഒപ്പമുള്ളവരോട്.
പിന്നെ തൊട്ടടുത്ത നിമിഷങ്ങളെ കാത്തുകിടന്നു.അത് പ്രതീക്ഷയുടേതാകുമോ..!
അരമണിക്കൂറിനകം റിസൽറ്റ് വന്നു.
‘പേടിക്കേണ്ട കാര്യമായ കുഴപ്പമൊന്നുല്ല’ എന്നു പറഞ്ഞു കൊണ്ട് ഡോക്ടർമാരും വന്നു.
‘ചെവിക്കകത്ത് പൊട്ടുണ്ട്. അതാണ് ചോര. അതു അടുത്ത ദിവസം വരെയുണ്ടാവാം . വേറെ പ്രശ്നമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാലും നമുക്ക് ഇരുപത്തിനാല് മണിക്കൂർ ഒബ്സർവേഷന് വെക്കാം’
എന്നും പറഞ്ഞു.
ഹൊ …
ആശ്വാസമായി.ശേഷം താടിക്ക് സ്റ്റിച്ചിട്ടു. ഒരു ഇഞ്ചക്ഷനെടുക്കുമ്പോൾ വരെ സഹിക്കാനാവാത്ത ഞാൻ പച്ചയ്ക്ക് താടിക്ക് സ്റ്റിച്ചിടുമ്പോൾ ശ്രദ്ധിച്ചു പോലുമില്ല. കാരണം ജീവിതം തിരിച്ചുകിട്ടിയല്ലോ. തലയ്ക്കകത്ത് പ്രശ്നമൊന്നുമില്ലെന്നറിഞ്ഞപ്പോൾ കൂടെയുളളവരുടെ തലവേദനയ്ക്കും ആശ്വാസം.
തല തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ ഞാൻ തലയുയർത്തിക്കിടന്നു. അപ്പോൾ എനിക്കു ചുറ്റും കൂടിയ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ കണ്ണിലും പ്രതീക്ഷയുടെ വെള്ളി വെളിച്ചം. അവരുടെ വേഗം കൂടിയാണ് ഈ ജീവിതം.
പിന്നെ ഇ.എൻ.ടി ഡോക്ടർ വന്ന് രണ്ടാഴ്ച്ചത്തെ റസ്റ്റ് പറഞ്ഞു.
മാത്രമല്ല സംസാരം കുറയ്ക്കണമെന്നും.
പിന്നെയും ചെവിയിൽ നിന്ന് രക്തം വന്നിരുന്നു. ഓരോ തുള്ളിയായി മാറി അത് പതിയെ പിൻവാങ്ങി. തൊട്ടടുത്ത ദിവസം വരെ പരിശോധനയും മരുന്നുമൊക്കെയായി അവിടെക്കിടന്നു. അങ്ങനെ
ഞായറാഴ്ച ചിത്രം വാങ്ങാനിറങ്ങിയ ഞാൻ തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തി.
ആശ്വാസമായി.തിരിച്ച് വീടെത്തിയല്ലോ. എത്രയോ പേർ അപകടത്തിൽപ്പെട്ട് വീടെത്താതെ പോയിട്ടുണ്ട്.!

ഇപ്പോൾ കാര്യങ്ങളെല്ലാം ശരിയായി വരുന്നു. സംസാരിച്ചു തുടങ്ങി.ഭക്ഷണം ചവച്ചു തുടങ്ങിയിട്ടില്ല. ശ്രമിച്ചു നോക്കാറുണ്ട്. അപ്പോൾ ചെവി വേദനയോടെ അടക്കം പറയും. ഇതൊന്നും ആരെയും അറിയിച്ചിരുന്നില്ല. അറിഞ്ഞവരൊക്കെ വീട്ടിലും ആശുപത്രിയിലുമായി വന്നു പോയി. അവരോടൊക്കെ ലിസ്ന സംഭവങ്ങൾ വിവരിച്ചുകൊണ്ടേയിരുന്നു.അപ്പോഴൊക്കെ ആവർത്തിച്ചു കേട്ട ഒരു ചോദ്യം ഹെൽമറ്റുണ്ടായിരുന്നില്ലേ എന്നാണ്. അതിനുമാത്രം ചെറിയ ഒച്ചയിൽ ഞാൻ മറുപടിയിട്ടു.

”ഹെൽമെറ്റില്ലായിരുന്നെങ്കിൽ ഇപ്പോൾക്കാണുന്ന ഞാനുണ്ടാകുമായിരുന്നില്ല.”

എനിക്കുണ്ടായ ഒരു ചെറിയ ഒരപകടത്തെക്കുറിച്ച് ഇത്രയുമെഴുതിയത് ഹെൽമറ്റിനെക്കുറിച്ചുമാത്രം പറയാനാണ്.
അതുകൊണ്ട് സുഹൃത്തുക്കളേ,
ഞാൻ ഹൈക്കോടതിക്കൊപ്പമാണ്. നിയമത്തിനൊപ്പമാണ്.
ഗവൺമെന്റിനൊപ്പമാണ്. കാരണം ഇപ്പോൾ ഞാൻ വായിക്കുന്ന പത്രങ്ങളിലെ വാർത്തകളിൽ നിന്ന് ഞാനാദ്യം കാണുന്നത് അപകടങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും മാത്രമാണ്. അതങ്ങനെയാണ്. നമ്മളൊരു ദുരന്തത്തിൽപ്പെടുമ്പോൾ എല്ലാ ദുരന്തങ്ങളെയും ആദ്യം കാണുന്ന ആൾ നമ്മളാകും.
വായിച്ച വാർത്തകളിലൊന്ന് ഇങ്ങനെയാണ്…

-കഴിഞ്ഞ വർഷം കേരളത്തിൽ ഹെൽമറ്റില്ലാതെ മരിച്ചവരുടെ എണ്ണം 1120.-

അതെ. 1120. നാടിനെ നടുക്കിയ പ്രളയത്തിൽപ്പോലും ഇതിൽപ്പകുതിപ്പേർ മരിച്ചിട്ടില്ല. ഹെൽമറ്റില്ലായിരുന്നെങ്കിൽ അതിൽ ഒരാൾ കൂടി ഉണ്ടാകുമായിരുന്നു.!
അതുകൊണ്ട് പ്രിയപ്പെട്ടവരേ… ബൈക്കുമായുള്ള ഒരു ചെറുയാത്രയിൽപ്പോലും ഹെൽമറ്റ് വെക്കാതിരിക്കരുത്.കാരണം
അന്ന് ഹെൽമെറ്റുണ്ടായിരുന്നതുകൊണ്ടുമാത്രമാണ് മുഖപുസ്തകത്തിൽ പിന്നെയും ഈ മുഖവുമായി എനിക്ക് നിങ്ങളിലേക്ക് വരാൻ കഴിഞ്ഞത്.

”എത്ര മുഖങ്ങളനന്ത വിദൂര-
പഥങ്ങളിൽ വീണു മറഞ്ഞേപോയവ
കാലത്തിരകളൊഴുക്കിയൊടുക്കിയു-
മാറടി മണ്ണിലലിഞ്ഞും നിമിഷ-
ജ്ജ്വാലകൾ നക്കിയെടുത്തും മാഞ്ഞവ.”

ബാക്കി ജീവിതം കരുതലോടെ,

vk Jobhish

 

മരണമെത്തുന്ന നേരത്ത്…………………………………..ഒരപകടത്തിൽപ്പെട്ടു കഴിഞ്ഞാൽ അതിനു മുമ്പുള്ള …

Posted by Vk Jobhish on Saturday, November 23, 2019

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.