ഷെഹ്‌ലയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ചുണക്കുട്ടി നിദയ്ക്ക് വീടൊരുങ്ങുന്നു

തിരുവനന്തപുരം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചഷെഹ്ലയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി അഭിമാനമായി മാറിയ വിദ്യാര്‍ത്ഥിനിയാണ് നിദാ ഫാത്തിമ. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു മടിയോ ഭയമോ നിദ കാണിച്ചില്ല. ഈ ധൈര്യത്തിന് നിദയെ തേടി ഒരു പുരസ്‌കാരവും എത്തി. യങ് ഇന്ത്യാ പുരസ്‌കാരമാണ് നിദയ്ക്ക് ലഭിച്ചത്. ഇപ്പോള്‍ നിദയ്ക്ക് സഹായഹസ്തവുമായി എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി കൂട്ടായ്മയായ ഹരിത സംസ്ഥാന കമ്മിറ്റി രംഗത്ത് വന്നിരിക്കുകയാണ്.

ക്ലാസ് റൂമില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ലയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകുമെന്ന് എംഎസ്എഫിന്റെ ദേശീയ ഉപാധ്യക്ഷയായ അഡ്വ. ഫാത്തിമ തഹിലിയ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവെച്ചത്. നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എംകെ മുനീറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിദയ്ക്ക് വീടു വെച്ച് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഹരിത സംസ്ഥാന കമ്മറ്റി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News