News

അധ്യാപകന്റെ പീഡനം; ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു

ചെന്നൈ: തമിഴ്‌നാട് വെല്ലൂരില്‍ അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. വിദ്യാര്‍ഥിനിയുടേയും രക്ഷിതാക്കളുടെയും പരാതി പ്രകാരം പോക്‌സോ കേസ് ചുമത്തി അധ്യാപകനായ മുരളീകൃഷ്ണയെ (55) അറസ്റ്റ് ചെയ്തു. 2012 മുതല്‍ വെല്ലൂരിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുരളീകൃഷ്ണ ജോലി ചെയ്യുന്നുണ്ട്. തമിഴ്‌നാട് ഹൗസിങ് ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ മുതല്‍ 13 വയസ്സുകാരിയോട് അധ്യാപകന്‍ മോശമായാണു പെരുമാറുന്നതെന്നു പോലീസ് പറഞ്ഞു. ക്ലാസ് റൂമിലും സ്‌കൂളിന്റെ പരിസരത്തുവച്ചും പെണ്‍കുട്ടിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. തുടര്‍ന്നു പെണ്‍കുട്ടി രക്ഷിതാക്കളോടു പരാതി പറഞ്ഞു.

എന്നാല്‍ തുടക്കത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിഷയം ഗൗരവമായി കണ്ടില്ലെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി പെയിന്റ് തിന്നര്‍ എടുത്തുകുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പെണ്‍കുട്ടിയെ വെല്ലൂരിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തതായി ഇന്‍സ്‌പെക്ടര്‍ പി. സുബ്ബലക്ഷ്മി പറഞ്ഞു. സ്‌കൂള്‍ അധികൃതരോടും പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീടാണു നടപടിയെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button