KeralaNews

Tattoo Artist: കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെയുള്ള ലൈംഗിക ആരോപണവും തുടര്‍ന്നുള്ള വാര്‍ത്തകളും തകര്‍ത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്’; ടാറ്റു ആര്‍ട്ടിസ്റ്റിന്റെ വൈകാരിക കുറിപ്പ് വൈറല്‍

കൊച്ചി: കൊച്ചിയില്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ഇയര്‍ന്ന ലൈംഗികാതിക്രമണ വാര്‍ത്തക്ക് പിന്നാലെ തന്റെ അവസ്ഥ വെളിപ്പെടുത്തിയുള്ള ടാറ്റൂ ആര്‍ട്ടീസ്റ്റിന്റെ കുറിപ്പ് വൈറലാകുന്നു. പേരിന് പോലും ഒരാളും ടാറ്റു ചെയ്യാന്‍ പാര്‍ലറില്‍ എത്താത്ത അവസ്ഥയാണെന്ന് കോഴിക്കോട്ട് ടാറ്റു ചെയ്യുന്ന ടി പി സന്ദീപ് കുറിച്ചു.

കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന മാധ്യമ സ്ഥാപനത്തില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി നോക്കിയിരുന്ന വ്യക്തിയാണ് സന്ദീപ്. സ്ഥാപനം പ്രതിസന്ധിയിലായതോടെയാണ് ടാറ്റു മേഖലയിലേക്ക് തിരിഞ്ഞത്. കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക ആരോപണം വന്നതോടെ സ്ഥാപനം പ്രതിസന്ധിയില്‍ കൂപ്പുകുത്തിയെന്ന് സന്ദീപ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

‘ഇന്നേക്ക് ഒരുമാസമായി ഒരു വര്‍ക്ക് എങ്കിലും വന്നിട്ട്. ദിവസവും ഷോപ്പില്‍ പോകും സാധനങ്ങളെല്ലാം അടുക്കിപെറുക്കി മെനയാക്കി വെക്കും ആരെങ്കിലും വരുമോ എന്നു നോക്കി രാവിലെ മുതല്‍ വൈകീട്ട് വരെ ഇരിപ്പ് നീളും. കടപൂട്ടി തിരിച്ചുപോകും.ടാറ്റൂ പാര്‍ലര്‍ നടത്തുന്ന ഞാനിപ്പോള്‍ ഇങ്ങനെയാണ് എന്റെ എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും.. കൊച്ചിയിലെടാറ്റൂ പാര്‍ലറില്‍ സ്ത്രീകള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ പുറത്തു വന്നതിന് ശേഷം എന്റെ ജീവിതം ഇങ്ങനെയാണ്.

ദിവസേന കുറഞ്ഞത് മൂന്ന് പേരെങ്കിലും ടാറ്റൂ അടിക്കാന്‍ എത്തിയിരുന്നെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു വഴി ആരും തിരിഞ്ഞു നോക്കിയിട്ടില്ല… അന്തി ചര്‍ച്ചകളില്‍ ടാറ്റൂ പാര്‍ലറുകളിലെ കാമലീലകളെന്നും മഞ്ഞകലര്‍ത്തിയ വാര്‍ത്താ റിപ്പോര്‍ട്ടുകളും ആളുകളെ പിടിച്ചിരുത്താന്‍ അശ്ലീലം കലര്‍ത്തി ഉണ്ടാക്കിവെച്ച ഓണ്‍ലൈന്‍ വാര്‍ത്തകളും തകര്‍ത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്. മുന്‍കൂട്ടി ബുക് ചെയ്തവര്‍ പലരും ടാറ്റൂ അടിക്കുന്നതില്‍ നിന്നും പിന്മാറി. അന്വേഷണങ്ങള്‍ പോലും ഇല്ലാതായി.

സദാചാര വാദങ്ങള്‍ക്ക് ആക്കംകൂട്ടി മാധ്യമങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ ടാറ്റൂവിനെതിരായ നെഗറ്റിവ് ക്യാമ്പയിന് കൂടിയാണ് അത് തുടക്കമിട്ടത്. ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ കഞ്ചാവും ലഹരിക്കാരും ലൈംഗിക അതിക്രമികളുമാണെന്ന് നിങ്ങള്‍ അനാവശ്യ സംവാദ വിഷയങ്ങളിലൂടെ ചാപ്പകുത്തി. ഇതുകേട്ട് എക്സൈസും വെറുതെ ഇരുന്നില്ല. അടഞ്ഞു കിടന്ന ഷോപ്പില്‍ എത്തുകയും ഫോണില്‍ ബന്ധപ്പെട്ട് മാനസികമായി തകര്‍ക്കും വിധം സംസാരിക്കുകയും ചെയ്തു.

എന്നാല്‍ കഴിയുന്നതിനും അപ്പുറം ശുചിത്വ മാര്‍ഗങ്ങള്‍ പാലിച്ചും ആലോസരങ്ങള്‍ ഒഴിവാക്കിയുമാണ് ഇന്നുവരെ ഓരോ ആളുകള്‍ക്കും ടാറ്റൂ അടിച്ചിട്ടുള്ളത്. അത് ഇനിയും തുടരുകതന്നെ ചെയ്യും. റെന്റും കറന്റ് ചാര്‍ജും മെഷീന്‍ മെയിന്റനന്‍സും സ്വന്തം ചെലവും എല്ലാം കൂടെ സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിക്കപ്പുറം അത്രയും ഇഷ്ടത്തോടെ തിരഞ്ഞെടുത്ത മറ്റെന്തിനും അപ്പുറത്തേക്ക് പഠിക്കണമെന്നും വളര്‍ത്തിയെടുക്കണമെന്നും ആഗ്രഹിച്ച എന്റെ പ്രഫഷനാണ് നിങ്ങളുടെ സദാചാര കൃമികടിയില്‍ ഇല്ലാണ്ടാവുന്നത്. ഞാനും നാലു കൊല്ലത്തോളം മാധ്യമപ്രവര്‍ത്തനം ചെയ്തവനാണ്. നിങ്ങളീ ആര്‍പ്പുവിളിക്കുന്ന സദാചാര വിഴുപ്പഴക്കലില്‍ എവിടെയാണ് എത്തിക്‌സ്. നന്ദി’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker