ട്യൂഷന് എത്തിയിരുന്ന വിദ്യാര്‍ത്ഥിനികളുടെ പേരില്‍ സാമൂഹിക മാധ്യമത്തില്‍ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്തു; വിവരം പുറത്തു പറയാതിരിക്കണമെങ്കില്‍ പണം കൊണ്ടുവരാന്‍ നിര്‍ദേശം; കൊല്ലത്ത് അധ്യാപിക ചെയ്തത്

കൊല്ലം: ട്യൂഷന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച അധ്യാപികയ്‌ക്കെതിരേ പോലീസ് കേസെടുത്തു. തങ്കശ്ശേരിയില്‍ താമസിക്കുന്ന നഗരത്തിലെ ഒരു സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരേയാണ് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്. അധ്യാപികയ്‌ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും അറിയിച്ചു.

ട്യൂഷന് എത്തിയിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ അധ്യാപിക അവസരം ഒരുക്കിയിരുന്നു. പെണ്‍കുട്ടികളുടെ ഫോണ്‍ അധ്യാപിക ഉപയോഗിച്ചിരുന്നു. കുട്ടികളുടെ പേരില്‍ സാമൂഹികമാധ്യമത്തില്‍ അക്കൗണ്ട് ഉണ്ടാക്കി അധ്യാപിക മറ്റുള്ളവരുമായി ചാറ്റ് ചെയ്തു. ഇത് കുട്ടികള്‍ തന്നെ ചെയ്തതാണെന്നും പുറത്തറിയിക്കുമെന്നും പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തി.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കി. വിവരം പുറത്തു പറയാതിരിക്കണമെങ്കില്‍ വീട്ടില്‍പ്പോയി പണം കൊണ്ടുവരാന്‍ അധ്യാപിക ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ സിറ്റി പോലീസ് കമ്മിഷണര്‍ ടി നാരായണനു പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News