‘ഷെയ്നിനെ മാത്രം ലക്ഷ്യം വെക്കുന്നു; മറ്റു നടൻമാർക്കെതിരെയും പരാതിയുണ്ട്; ആ നിവിൻ പോളി ചിത്രത്തിൽ നടന്നത്’
കൊച്ചി:നടൻ ഷെയ്ൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമകളിൽ നിന്ന് വിലക്കിയത് വലിയ ചർച്ചയായിരിക്കുകയാണ്. സെറ്റിലെ മോശം പെരുമാറ്റമാണ് ഇവർക്കെതിരെ നടപടി വരാൻ കാരണം. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. മലയാള സിനിമയിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നവർ ഉണ്ടെന്നും ഇവരെക്കുറിച്ചുള്ള വിവരം സർക്കാരിനെ കെെമാറുമെന്നുമാണ് സിനിമാ സംഘടനാ തലപ്പത്തുള്ളവർ പറയുന്നത്. ഷെയ്ൻ നിഗത്ത പിന്തുണച്ച് കൊണ്ട് നിർമാതാവ് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഷെയ്ൻ നിഗത്തിനെതിരെ ഫെഫ്കയും അമ്മ സംഘടനയും നടപടി എടുക്കുന്നതിന് കുറച്ച് നാൾ മുമ്പ് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര നടനെക്കുറിച്ച് സംസാരിക്കുന്നത്. ഷെയ്ൻ നിഗത്തിനെതിരെ മാത്രം എന്തുകൊണ്ടാണ് ആരോപണം ഉയരുന്നതെന്നും താൻ തന്നെ മറ്റ് നടൻമാർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു.
‘ഷെയ്നിനെ ഇപ്പോൾ എല്ലാവരും കൂടെ അറ്റാക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ഇനിയതിൽ നിന്ന് രക്ഷപ്പെടൽ ബുദ്ധിമുട്ടായിരിക്കും. ഇത്തരം പ്രശ്നങ്ങൾ എല്ലാ സെറ്റുകളിലും നടക്കുന്നുണ്ട്. എന്ത് കൊണ്ട് ഷെയ്നിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നുള്ളതും ചോദ്യമാണ്. ഷെയ്ൻ ഒരാളല്ല ഇങ്ങനെ ചോദിക്കുന്നതും പെരുമാറുന്നതും ഒന്നും. ഞാനും വേറെ എത്രയോ പ്രൊഡ്യൂസർമാരും പല ആക്ടേർസിന്റെയും പേരിൽ പരാതി കൊടുത്തിട്ടുണ്ടല്ലോ. ഇവിടെ അത് ചർച്ചയായില്ലല്ലോ. എല്ലാം ഒതുക്കിത്തീർപ്പെട്ടല്ലേ ഉള്ളൂ’
‘എന്ത് കൊണ്ട് ഷെയ്നിന്റെ പേര് മാത്രം പറയുന്നു. പറയുമ്പോൾ എല്ലാം പറയണം. അതൊരു ചെറിയ പയ്യനാണ്. ആ പയ്യന്റെ മാനസികാവസ്ഥ കൂടി ആലോചിച്ച് നോക്കൂ. എല്ലാവർക്കും ഈ പറയുന്ന മൂഡ് സ്വിഗ്സും കാര്യങ്ങളും ഉണ്ടാവും. അമ്മയും പെങ്ങളും സിനിമയിൽ ഇടപെടുന്നു എന്ന് പറയുന്നു. വേറെ ആരാ ഉള്ളത്. നല്ല സിനിമ ആയിരിക്കണമെന്ന് ഏതൊരു അമ്മയും പെങ്ങളും ആഗ്രഹിക്കും,’ സാന്ദ്ര തോമസ് പറഞ്ഞു.
‘തന്റെ കൈയിൽ നിന്നൊരു സിനിമ തട്ടിയെടുത്ത് കൊണ്ട് പോയതാണ് കരിയറിൽ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച സംഭവമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഏത് സിനിമയെന്ന ചോദ്യത്തിന് ആദ്യം മടിച്ചെങ്കിലും ഓം ശാന്തി ഓശാന എന്ന സിനിമയാണതെന്ന് സാന്ദ്ര മറുപടി നൽകി’
‘താൻ കുഞ്ഞിനെ പോലെ സ്നേഹിച്ച് വളർത്തിയ സിനിമയായിരുന്നു. അന്നത് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു. കാരണം എനിക്ക് പേഴ്സണലി ഫേവറൈറ്റ് ആയ സിനിമയായിരുന്നു. നടന്റെ പേരിലാണ് സിനിമ മാറിപ്പോയത്. പുള്ളിക്ക് ചെറിയ ബാനറിൽ ചെയ്യാൻ താൽപര്യമില്ലെന്ന പറഞ്ഞ്. അന്ന് സക്കറിയയുടെ ഗർഭിണികൾ പോലുള്ള ചെറിയ സിനിമകളാണ് ചെയ്യുന്നത്’
‘എന്നോടവർ മാപ്പ് പറഞ്ഞു. സാന്ദ്രയ്ക്കെന്താണ് വേണ്ടതെന്ന് ചോദിച്ചു. ഇവർ പൈസയുടെ കണക്കൊക്കെ പറഞ്ഞപ്പോൾ എനിക്ക് വേണ്ടത് മാപ്പ് ആണെന്ന് ഞാൻ പറഞ്ഞു. ഒരു അപ്പോളജി ലെറ്റർ തന്നാൽ സമാധാനമാവുമോ എന്ന് ബി ഉണ്ണികൃഷ്ണൻ ചോദിച്ചു. അത് മതിയെന്ന് പറഞ്ഞു. അവർക്കൊക്കെ അത്ഭുതമായിരുന്നു’
പ്രൊഡ്യൂസറെ പറ്റിച്ച് ഇത്രയും പെെസ ചെലവാക്കിച്ചിട്ട് എന്നോട് പറയാതെ പോയപ്പോൾ 25 ലക്ഷം രൂപ നഷ്ട പരിഹാരം കൊടുക്കണമെന്ന് വാദിക്കുമ്പോഴാണ് ഞാൻ പറയുന്നത് എനിക്ക് അപ്പോളജി ലെറ്റർ എന്ന്. സംവിധായകൻ ജൂഡ് ആന്റണിയും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും മാപ്പ് എഴുതി തന്നു. അത് ഞാൻ ഫ്രെെഡേ ഫിലിം ഹൗസിൽ കൊണ്ട് പോയി ഫ്രെയിം ചെയ്ത് വെച്ചെന്നും സാന്ദ്ര തുറന്ന് പറഞ്ഞു. നിവിൻ പോളിയായിരുന്നു ഓം ശാന്തി ഓശാനയിലെ നായകൻ.