യു.എസിന്റെ പൂര്‍ണ പിന്മാറ്റം കാത്ത് താലിബാന്‍ : അഫ്ഗാനില്‍ എന്തും സംഭവിക്കാമെന്ന ഭീതിയില്‍ ജനങ്ങള്‍,താലിബാന്റെ പരമോന്നത നേതാവ് പാകിസ്ഥാന്‍ ജയിലില്‍
കാബൂള്‍: ആഗസ്റ്റ് 20 ന് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം ഒഴിപ്പിച്ചത് 3,000 പേരെ. 350 അമേരിക്കന്‍ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അഭയാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും അഫ്ഗാന്‍ പൗരന്മാരെയും ഒഴിപ്പിച്ചതായി വൈറ്റ്ഹൗസ് പറഞ്ഞു. ആഗസ്റ്റ് 14 വരെ 9000 പേരെയും ജൂലൈ അവസാനം മുതല്‍ 14,000 പേരെയും ഒഴിപ്പിച്ചു.
അതേസമയം അമേരിക്കയുടെ പിടി പൂര്‍ണ്ണമായും അയഞ്ഞ ശേഷം മാത്രം നിര്‍ണ്ണായക തീരുമാനം നടപ്പാക്കാനാണ് താലിബാന്‍ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 31 നാണ് അമേരിക്കയുടെ അഫ്ഗാന്‍ പിന്മാറ്റം പൂര്‍ണ്ണമാകൂ. പൂര്‍ണ്ണമായ പിന്മാറ്റം കഴിയും വരെ ഒന്നും ചെയ്യില്ല എന്ന് അമേരിക്കയുമായി താലിബാന്‍ ഉടമ്പടി ഉണ്ടെന്ന് താലിബാന്റെ മുഖ്യ ഇടനിലക്കാരന്‍ അനസ് ഹക്കാനി പറഞ്ഞു.
ഇപ്പോഴും താലിബാന് പൂര്‍ണ്ണമായും കീഴടങ്ങാതെ പഞ്ച്ഷീര്‍ താഴ്വാരം നില്‍ക്കുകയാണ്. ഇവിടെ താലിബാന്‍ പോരാട്ടം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഈ ഭാഗം മാത്രമാണ് താലിബാന്റെ നിയന്ത്രണത്തിന് പുറത്തു നില്‍ക്കുന്നത്.
താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദ പാകിസ്ഥാന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ തിരഞ്ഞിരുന്ന ഒരു മുഖമാണ് താലിബാന്‍ നേതാവ് ഹൈബത്തുള്ള അഖുന്‍സാദയുടെ. താലിബാന്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലും അഖുന്‍സാദയെ കണ്ടിരുന്നില്ല. 2016 ല്‍ താലിബാന്റെ നേതൃത്വം ഏറ്റെടുത്ത അഖുന്‍സാദ ഇപ്പോള്‍ പാകിസ്ഥാന്‍ ജയിലിലാണെന്നാണ് കരുതുന്നതായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2016 ല്‍ അന്നത്തെ താലിബാന്‍ പരമോന്നത നേതാവ് അഖ്ത്തര്‍ മന്‍സൂര്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് അഖുന്‍സാദ താലിബാന്റെ നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ മേയില്‍ ഈദ് ആഘോഷത്തിന്റെ വേളയിലാണ് അവസാനമായി ഇദ്ദേഹത്തിന്റേതായി ഒരു സന്ദേശം വരുന്നത്. ഈയടുത്ത് നടന്ന താലിബാന്റെ പത്രസമ്മേളനങ്ങളില്‍ പോലും അഖുന്‍സാദയെ കുറിച്ച് ഒരു പരാമര്‍ശവും നടത്തിയിട്ടില്ലായിരുന്നു. അഖുന്‍സാദ പാകിസ്ഥാന്റെ പിടിയിലാണെന്ന വിവരം ഇന്ത്യ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.