ആലപ്പുഴ:ജില്ലയിലെ പ്രമുഖ നേതാവ് ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസ് പുറത്താക്കി. അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജുവിനെ തെരഞ്ഞെടുപ്പിൽ തോൽപിക്കുന്നതിനായി പ്രവർത്തിച്ചുവെന്ന കാരണത്തിൽ ഇന്നലെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് വാർത്താ സമ്മേളനം നടത്തി ലിജുവിനും പാർട്ടിയിലെ ഉന്നത നേതാവിനുമെതിരെ വിമർശനം നടത്തിയതിന്റെ പിന്നാലെയാണ് നടപടി.
എം ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ച് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ലെക്‌സ് വെച്ചത് ഇല്ലിക്കല്‍ കുഞ്ഞുമോന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഓട്ടോ ഡ്രൈവര്‍ ആലപ്പുഴ സൗത്ത് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കെപിസിസി കുഞ്ഞുമോനെ സസ്‌പെൻഡ് ചെയ്തത്.
സസ്പെൻഷനിലായ കുഞ്ഞുമോൻ വാർത്ത സമ്മേളനം വിളിച്ച് പാർട്ടി നടപടിയെ പരസ്യമായി വെല്ലുവിളിച്ച സാഹചര്യത്തിലാണ് കുഞ്ഞുമോനെ അനിശ്ചിതകാലത്തേക്ക് പുറത്താക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു.