ജലാലാബാദും കൈപിടിയിലൊതുക്കി താലിബാന്‍,കാബൂള്‍ വളഞ്ഞ് ഭീകരവാദികള്‍
കാബൂള്‍:തലസ്ഥാന നഗരിയായ കാബൂളിന് 80 മൈല്‍ മാത്രം അകലെയുള്ള ജലാലാബാദും താലിബാന്‍ ഭീകരവാദികള്‍ കൈപിടിയിലൊതുക്കി. സര്‍ക്കാര്‍ സൈന്യം പ്രതിരോധിക്കാന്‍ നില്‍ക്കാതെ പിന്‍വാങ്ങിയതോടെ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാന്‍ സംഘം രാജ്യത്തെ അഞ്ചാമത്തെ വലിയ നഗരമായ ജലാലാബാദിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരി കൂടിയായ കിഴക്കന്‍ നഗരം ഞായറാഴ്ച രാവിലെയാണ് താലിബാന്‍ നിയന്ത്രണത്തിലായത്. പ്രധാന വടക്കന്‍ നഗരമായ മസാര്‍ ഇ ശരീഫ് താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെയാണ് ജലാലാബാദും വീണത്. താലിബാന്‍ ഭീകരവാദികള്‍ ഞായറാഴ്ച ജലാലാബാദിലെ ഗവര്‍ണറുടെ ഓഫിസ് സ്റ്റാഫുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവച്ചിട്ടുണ്ട്.
നഗരത്തിലെമ്പാടുമായി ഉയര്‍ത്തിയ താലിബാന്റെ വെളുത്ത പതാകകള്‍ കണ്ടാണ് തങ്ങള്‍ ഇന്ന് രാവിലെ ഉണര്‍ന്നത്’- താലിബാന്റെ സോഷ്യല്‍ മീഡിയ അവകാശവാദം സ്ഥിരീകരിച്ചുകൊണ്ട് ജലാലാബാദ് നിവാസിയായ അഹ്മദ് വാലി പറഞ്ഞു. ‘അവര്‍ യുദ്ധം ചെയ്യാതെയാണ് പ്രവേശിച്ചതെന്നും’ അദ്ദേഹം എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഭരണകൂടത്തിന്റെ വീഴ്ചയെക്കുറിച്ച് മുതിര്‍ന്നവരുടെ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് സംഘം ജലാലാബാദ് പിടിച്ചെടുത്തതെന്ന് പ്രവിശ്യയിലെ ഒരു നിയമസഭാംഗമായ അബ്രാറുല്ല മുറാദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
‘ഗവര്‍ണര്‍ താലിബാന് കീഴടങ്ങിയതിനാല്‍’ നഗരത്തില്‍ ഏറ്റുമുട്ടലുകളുണ്ടായില്ലെന്ന് ജലാലാബാദ് ആസ്ഥാനമായുള്ള മറ്റൊരു അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.താലിബാനെ കടന്നു പോവാന്‍ അനുവദിക്കുക മാത്രമാണ് സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.അഫ്ഗാനിസ്ഥാനെ പാകിസ്താനുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ നിയന്ത്രണവും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് ഒരു പടിഞ്ഞാറന്‍ സുരക്ഷാ ഉദ്യോഗസ്ഥനും പറഞ്ഞു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെ രാജ്യത്ത് താലിബാന്‍ ശക്തമായ മുന്നേറ്റമാണ് നടത്തി വരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മിന്നല്‍ വേഗതയിലായിരുന്നു അതിന്റെ മുന്നേറ്റം. രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ കാണ്ഡഹാര്‍, ഹെറാത്ത് എന്നിവ പിടിച്ചടക്കി. അഫ്ഗാന്‍ സൈന്യം പ്രതിരോധമില്ലാതെ കീഴടങ്ങുന്നത് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അയല്‍രാജ്യമായ ഉസ്ബക്കിസ്ഥാനിലേക്ക് സുരക്ഷാ സൈന്യം ഓടിപ്പോയതോടെ ശനിയാഴ്ച, താലിബാന്‍ പോരാളികള്‍ മസാര്‍ ഇ ശരീഫില്‍ എതിരില്ലാതെയാണ് പ്രവേശിച്ചത്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന രണ്ട് പ്രബല യുദ്ധപ്രഭുക്കളായ അത്ത മുഹമ്മദ് നൂറും അബ്ദുല്‍ റഷീദ് ദോസ്തും ഓടിപ്പോയവരില്‍ ഉള്‍പ്പെടും.
സര്‍ക്കാരിന്റെ ശക്തികേന്ദ്രമായ കാബൂള്‍ കൂടുതല്‍ ഒറ്റപ്പെടുമ്ബോള്‍ വിവിധ പ്രവിശ്യകളില്‍നിന്ന് സാധാരണക്കാര്‍ നഗരത്തിലേക്ക് ഒഴുകുകയാണ്. നഗരം പരിഭ്രാന്തിയിലാണെന്ന് അഫ്ഗാന്‍ തലസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അല്‍ ജസീറയുടെ ഷാര്‍ലറ്റ് ബെല്ലിസ് പറഞ്ഞു.