അഫ്ഗാൻ പ്രതിരോധമന്ത്രിയുടെ വീടിന് നേരെ താലിബാൻ ബോംബ് ആക്രമണം,ജനം തെരുവിൽ
കാബൂള്‍:അഫ്ഗാനിസ്ഥാന്‍ പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിന്‍റെ വീടിന് നേരെ താലിബാന്‍റെ ബോംബ് ആക്രമണം. കാര്‍ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലുമായി സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു.15 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലെ ഷെർപൂർ പരിസരത്താണ് സ്ഫോടനം നടന്നത്. ആക്രമണം നടക്കുമ്പോള്‍ മന്ത്രി വീട്ടിലില്ലായിരുന്നു. ആഭ്യന്തര മന്ത്രിയുടെ കുടുംബം സുരക്ഷിതരാണെന്നും അവരെ മാറ്റി പാര്‍പ്പിച്ചതായും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ സര്‍ക്കാരിന് പിന്തണയുമായി ജനം തെരുവിലിറങ്ങി.
അഫ്ഗാനിസ്താൻ ആഭ്യന്തരയുദ്ധത്തിൽ താലിബാൻ ജയിച്ചാൽ ആഗോളസുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഹെൽമണ്ട് പ്രവിശ്യയിലെ സൈനികനടപടികൾക്കു നേതൃത്വം നൽകുന്ന പട്ടാള ജനറൽ സമി സദത്താണ് മുന്നറിയിപ്പുനൽകിയത്. പ്രവിശ്യാതലസ്ഥാനമായ ലഷ്കർ ഗായിൽ കടുത്തപോരാട്ടം തുടരുന്നതിനിടെയാണിത്. ലോകത്തുടനീളമുള്ള ഭീകരസംഘടനകൾ അഫ്ഗാനിലെ താലിബാന് ശക്തിപകർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലുമുള്ള ചെറുഭീകരസംഘടനകൾക്കുപോലും ഒരുമിച്ചുചേരാൻ ഇത് പ്രതീക്ഷനൽകും. അത് ലോകത്തിനാകെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, താലിബാനെ തുരത്താൻ ആക്രമണം കടുപ്പിച്ചതോടെ ലഷ്കർ ഗാ നഗരത്തിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളിൽ ഇവിടെ 40 നാട്ടുകാർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഒഴിഞ്ഞുപോകാൻ നിർദേശം. കുറച്ചുദിവസം വിട്ടുനിൽക്കണമെന്നും പ്രദേശവാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും സമി സദത്ത് പറഞ്ഞു. ഒരു ഭീകരനെപ്പോലും ജീവനോടെ ബാക്കിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പ്രവിശ്യയിൽ സുരക്ഷാസേന വ്യോമാക്രമണത്തിലൂടെ 75 താലിബാൻ ഭീകരരെ വധിച്ചു. ഇതിൽ മൂന്ന് മുതിർന്ന നേതാക്കളുമുൾപ്പെടും. 22 പേർക്ക് പരിക്കേറ്റെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. നേരത്തേ, യു.എസ്. നടത്തിയ വ്യോമാക്രമണത്തിൽ പ്രദേശത്ത് 40 ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ലഷ്കർ ഗാ പിടിച്ചെടുത്താൽ 2016-നുശേഷം താലിബാൻ നിയന്ത്രണമേറ്റെടുക്കുന്ന ആദ്യ പ്രവിശ്യ തലസ്ഥാനമായിരിക്കുമിത്.
‘ലോങ് വാർ ജേണലി’ൻറെ കണക്കുപ്രകാരം രാജ്യത്തെ 223 ജില്ലകളും താലിബാൻ നിയന്ത്രണത്തിലാണ്. 116 ജില്ലകൾ പിടിക്കാനുള്ള ഏറ്റുമുട്ടൽ തുടരുന്നു. 68 എണ്ണത്തിൽമാത്രമാണ് അഫ്ഗാൻസർക്കാരിന് പൂർണ നിയന്ത്രണമുള്ളത്.
രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ട ഇന്ത്യയിൽനിന്നുള്ള റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാൻ വികൃതമാക്കിയിരുന്നതായുള്ള വിവരം പുറത്ത്. ഡാനിഷ് സിദ്ദിഖിയുടെ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും എക്സ്റേ റിപ്പോർട്ടും ഫോട്ടോയും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. വെടിവെച്ചുകൊന്നശേഷം ഡാനിഷ് സിദ്ദിഖിയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയാണ് മൃതദേഹം വികൃതമാക്കിയതെന്ന് സംശയിക്കുന്നു.
ഡാനിഷ് സിദ്ദിഖിയെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും ദേശീയ സുരക്ഷാ ഏജൻസിയിലെയും ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. നേരത്തെ താലിബാൻ-അഫ്ഗാൻ സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഡാനിഷ് സിദ്ദിഖി മരണപ്പെട്ടതാണെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്.
“12 വെടിയുണ്ടകൾ ഡാനിഷിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്തു. വെടിയുണ്ടകളേറ്റ് അല്ലാതെയും നിരവധി പരിക്കുകൾ ഡാനിഷ് സിദ്ദിഖിയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട് ”അഫ്ഗാൻ രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.ശരീരത്തിൽ വലിച്ചിഴച്ച പാടുകളും കണ്ടെത്തി. താലിബാൻ ഭീകരർ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചതായാണ് അനുമാനം. കൊലപാതകത്തിന് ശേഷം ഡാനിഷിന്റെ തലയും നെഞ്ചും വാഹനം നിരവധി തവണ കയറ്റിയിറക്കി വികൃതമാക്കി. മുഖത്തും നെഞ്ചിലും ടയർ അടയാളങ്ങൾ വളരെ വ്യക്തമായി കാണാം. ശരീരം വികൃതമാക്കാൻ ഹംവീ അല്ലെങ്കിൽ മറ്റൊരു കനത്ത എസ്‌യുവി ഉപയോഗിച്ചതായാണ് അനുമാനിക്കുന്നത്, അഫ്ഗാൻ രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്സർ സമ്മാനജേതാവുമായ ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതാണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനർ ഇതുസംബന്ധിച്ച റിപ്പോർട്ട് ആദ്യം പുറത്തുവിട്ടത്. നേരത്തെ കാണ്ഡഹാറിൽ അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോർട്ട്.
വാഷിംഗ്ടൺ എക്സാമിനർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, അഫ്ഗാൻ കരസേനയ്‌ക്കൊപ്പം സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി. എന്നാൽ ഇതിനിടെ പെട്ടെന്നുണ്ടായ താലിബാൻ ആക്രമണം ഈ സംഘത്തെ വിഭജിച്ചു. കമാൻഡറും കുറച്ച് ആളുകളും സിദ്ദിഖിയിൽ നിന്ന് വേർപിരിഞ്ഞു, അവർ മറ്റ് മൂന്ന് അഫ്ഗാൻ സൈനികരോടൊപ്പമായിരുന്നു. ഈ ആക്രമണത്തിനിടയിൽ, സിദ്ദിഖിയ്ക്ക് നേരിയ പരിക്കേറ്റിരുന്നു. അതിനാൽ അദ്ദേഹവും സംഘവും ഒരു പ്രാദേശിക പള്ളിയിൽ പോയി അവിടെ പ്രാഥമിക ചികിത്സ തേടി. എന്നാൽ ഒരു പത്രപ്രവർത്തകൻ പള്ളിയിലുണ്ടെന്ന വാർത്ത പരന്നപ്പോൾ, താലിബാൻ പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. പ്രാദേശിക അന്വേഷണത്തിൽ സിദ്ധിഖിയുടെ സാന്നിധ്യം കാരണം മാത്രമാണ് താലിബാൻ പള്ളി ആക്രമിച്ചതെന്ന് വാഷിങ്ടൺ എക്സാമിനർ റിപ്പോർട്ട് പറയുന്നു.
താലിബാൻ പിടികൂടിയപ്പോൾ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. താലിബാൻ സിദ്ദിഖിയുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും ചെയ്തു. അവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ കമാൻഡറും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റുള്ളവരും മരിച്ചു, ”റിപ്പോർട്ട് പറയുന്നു.
“വ്യാപകമായി പ്രചരിച്ച ഒരു പൊതു ഫോട്ടോ സിദ്ദിഖിയുടെ മുഖം തിരിച്ചറിയാവുന്നതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും, മറ്റ് ഫോട്ടോകളും സിദ്ദിഖിയുടെ മൃതദേഹത്തിന്റെ വീഡിയോയും ഞാൻ അവലോകനം ചെയ്തു. ഇന്ത്യൻ സർക്കാരിന്റെ ഒരു സ്രോതസ്സ് താലിബാൻ സിദ്ദിഖിയെ തലയ്ക്ക് അടിക്കുകയും തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശരീരത്തിൽ വെടിയുണ്ടകൾ കാണാമായിരുന്നു,” അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ ആയ ലേഖകൻ മൈക്കൽ റൂബിൻ വ്യക്തമാക്കുന്നു.
സിദ്ദിഖിയെ വേട്ടയാടാനും വധിക്കാനും തുടർന്ന് അയാളുടെ മൃതദേഹം വികൃതമാക്കാനുമുള്ള താലിബാൻറെ തീരുമാനം എടുത്തു കാണിക്കുന്നത് അവർ യുദ്ധനിയമങ്ങളെയോ ആഗോള സമൂഹത്തിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഉടമ്പടികളെയോ മാനിക്കുന്നില്ല എന്നാണ്.
റോയിട്ടേഴ്‌സ് ടീമിന്റെ ഭാഗമായി റോഹിംഗ്യൻ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ നൽകിയതിന് സിദ്ദിഖിക്ക് 2018 ൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പോരാട്ടം, ഹോങ്കോംഗ് പ്രതിഷേധം, ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.