25.4 C
Kottayam
Friday, May 17, 2024

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ

Must read

കോഴിക്കോട്: ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകരയിൽ താമസിക്കുന്ന വിപിൻ കാർത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്.

14 ലക്ഷത്തിന്റെ കാർ വാങ്ങാനായി ബാങ്കിൽ നിന്ന് ലോണെടുത്ത വിപിൻ കാർത്തിക്, വിലകുറഞ്ഞ കാർ എടുക്കുകയും ആർ.സി ബുക്ക് തിരുത്തി അതേ വാഹനമാണെന്ന് കാണിച്ച് ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷവും വായ്പ എടുത്തു. ഇതിനായി വ്യാജ രേഖകൾ സമർപ്പിച്ചു. രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെ കഴിഞ്ഞ ഫെബ്രുവരി 26 ന് ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിബിൻ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാർത്തിക് വേണു ഗോപാൽ എന്ന പേരിൽ കോഴിക്കോട് വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. വാഹന പരിശോധനക്കിടെയാണ് ഇയാളെ ഗുരുവായൂരിൽ നിന്ന് പൊലീസ് പിടികൂടിയത്. 2019 ൽ ഗുരുവായൂരിലെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശി സുധയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലായിരുന്നു നേരത്തെ ഇവർ അറസ്റ്റിലായത്.

ഐപി.എസ് ഉദ്യോഗസ്ഥനാണെന്ന വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്ന് ആഡംബര കാറുകൾ വായ്പയെടുക്കുകയും പിന്നീട് വായ്പ അടച്ച് തീർന്നതായുള്ള വ്യാജരേഖയുണ്ടാക്കി കാർ മറിച്ച് വിൽപ്പന നടത്തുകയുമാണ് വിപിന്റെ പതിവ്. തൃശൂർ സിവിൽ സ്റ്റേഷൻ ലോക്കൽഫണ്ട് ഓഡിറ്റ് ഓഫീസർ എന്ന വ്യാജ രേഖയുണ്ടാക്കി ശ്യാമളയാണ് വിബിന് ബാങ്കുകളിൽ ജാമ്യം നിന്നിരുന്നത്.

നേരത്തെ അറസ്റ്റിലായ ശേഷം ഐ.പി.എസ് പരീക്ഷ പാസായെന്നും ഇന്റർവ്യു മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് വിബിൻ നാട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥയുമായി വിവാഹിതനാവാൻ പോവുകയാണെന്നും ഇയാൾ നാട്ടുകാരെ പറഞ്ഞു ധരിപ്പിച്ചിരുന്നു. വിശ്വാസ്യത വരുത്തുന്നതിന് ഗുജറാത്ത് ഐ പി എസ് ഉദ്യോഗസ്ഥയുടെ ഫോട്ടോ ഇയാളുടെ ഫെയിസ് ബുക്കിൽ ചേർത്തിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week