30.6 C
Kottayam
Tuesday, May 7, 2024

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര, ഇന്ത്യക്ക് പുതിയ നായകനെന്ന് സൂചന; സഞ്ജുവിന് പ്രതീക്ഷ വേണ്ട

Must read

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം ഇന്ത്യയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അടക്കമുള്ള പ്രമുഖര്‍ ഉണ്ടാവില്ലെന്ന് സൂചന. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ യുവതാരങ്ങളായിരിക്കും അഫ്ഗാനെതിരായ ടി20 പരമ്പരയില്‍ കളിക്കുക എന്നാണ് സൂചന.

സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിട്ടു നില്‍ക്കുമെന്ന് കരുതുന്ന പരമ്പരയില്‍ റുതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, തിലക് വര്‍മ, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ പുതുമുഖങ്ങള്‍ക്കായിരിക്കും അവസരം.

പരമ്പരക്ക് മുന്നോടിയായി ജിയോ സിനിമ പുറത്തിറക്കിയ പ്രമോ വീഡിയോയില്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനൊപ്പം ഉള്ളത് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലാണ്. ഇതോടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ ഗില്ലായിരിക്കും ഇന്ത്യയെ നയിക്കുക എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.  ഈ മാസം 11ന് മൊഹാലിയിലും 14ന് ഇന്‍ഡോറിലും 17ന് ബെംഗലൂരുവിലുമാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മത്സരങ്ങള്‍ നടക്കുക.

അടുത്തിടെ ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈയിലേക്ക് മടങ്ങിയതോടെ വരുന്ന ഐപിഎല്‍ സീസണില്‍ ഗുജറാത്ത് നായകനായി ഗില്ലിനെ തെരഞ്ഞെടുത്തിരുന്നു. ടെസ്റ്റില്‍ ഫോമിലേക്ക് ഉയരാന്‍ കഴിയാത്ത ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരെ കേപ്ടൗണില്‍ നാളെ തുടങ്ങുന്ന രണ്ടാ ടെസ്റ്റ് നിര്‍ണായകമാണ്.അഫ്ദാനിസ്ഥാനെതിരായ പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെങ്കിലും മലയാളി താരം സഞ്ജു സാംസണ് പ്രതീക്ഷക്ക് വകയില്ല.

സഞ്ജുവിനെ കേരളത്തിന്‍റെ രഞ്ജി ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുമായിരുന്നെങ്കില്‍ സഞ്ജുവിനെ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയ സഞ്ജുവിനെ ഏകദിന ടീമിലേക്ക് മാത്രമെ പരിഗണിക്കാനിടയുള്ളൂ എന്നാണ് കരുതുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week