കോഴിക്കോട്:ടി പി വധക്കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്തിന്റെ വിവാഹം നടന്നത് ഈ മാസം ഒന്നിന്. തിരുവനന്തപുരത്ത് തിരുമല സ്വദേശിയായ 33കാരിയാണ് വധു. എടന്നൂര്‍ ശ്രീനാരായണ മഠത്തിലായിരുന്നു കല്ല്യാണം. തിരുമല-തൃക്കണ്ണാപുരത്തെ ആറമട സ്വദേശിയായ യുവതിയും കുടുംബവും കണ്ണൂരിലെ മൂര്‍ഖന്‍പറമ്പ് വിമാനത്താവളത്തില്‍ ഇറങ്ങിയാണ് ന്യൂമാഹിക്ക് അടുത്ത വിവാഹ വേദിയില്‍ എത്തിയത്. കണ്ണൂരില്‍ നിന്നും ഇവര്‍ വിവാഹ ശേഷം മടങ്ങിയെന്നും സൂചനയുണ്ട്.
കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ മാധ്യമ പ്രവര്‍ത്തകയായ ഭാര്യയുടെ ബന്ധുവാണ് അണ്ണന്‍ സിജിത്തിന്റെ വധു.എന്നാല്‍ ഈ വിവാഹവുമായി മാധ്യമ പ്രവര്‍ത്തക കുടുംബത്തിന് യാതൊരു ബന്ധവുമില്ല. യുവതി കുറച്ചു നാളായി തിരുവനന്തപുരത്ത് ഇല്ല. കോട്ടയത്തോ കൊല്ലത്തോ ആണ് ഇവര്‍ താമസിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവുടെ പിതാവിന് സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നതായും സൂചനകള്‍ പുറത്തു വരുന്നുണ്ട്. വിവാഹത്തിന് പിന്നിലെ വസ്തുതകള്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണ്ണ കടത്തിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ വിവാഹത്തിന്റെ വാര്‍ത്തയും പുറത്തായത്. കണ്ണൂര്‍ ജയിലിലുള്ള അണ്ണന്‍ സിജിത്ത് മേയിലാണ് പരോളില്‍ പുറത്തിറങ്ങിയത്. അതു കഴിഞ്ഞ് ഏതാണ്ട് 45 ദിവസത്തിന് ശേഷമാണ് വിവാഹം നടക്കുന്നത്. ഇത്രയും കാലം സിജിത്തിന് പരോള്‍ കിട്ടിയത് എങ്ങനെ എന്നും പരിശോധിക്കുന്നുണ്ട്. ന്യൂമാഹിയിലെ വിവാഹത്തിന് കൊടി സുനി കേസിലെ പ്രതികളെല്ലാം എത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. വിവാഹ ശേഷം കൂട്ടാളികള്‍ക്ക് അണ്ണന്‍ സിജിത്ത് തന്നെ വിവാഹ ശേഷമുള്ള ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഈ ഫോട്ടോയാണ് പുറത്തുവന്നത്.
രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കരിപ്പൂര്‍ കടത്തില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായതോടെ ടിപി കേസ് പ്രതികളെ വെട്ടിലാക്കുന്ന പല വിവരങ്ങളും പുറത്തു വന്നിരുന്നു. ഇതിനിടെയാണ് അണ്ണന്‍ സജിത്തിന്റെ കല്യാണ വാര്‍ത്തയും എത്തുന്നത്. ടിപി കേസിലെ തന്നെ കൂട്ടു പ്രതികളുടെ വിവാഹം നേരത്തെ നടന്നപ്പോള്‍ വിവാദമായ പശ്ചാത്തലത്തില്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ചില വി ഐ പി കള്‍ക്കും മാത്രമേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുള്ളു .വിവാഹ ചിത്രം ഫേസ്‌ബുക്കിലോ സോഷ്യല്‍ മീഡിയയിലോ പങ്കു വെയ്ക്കരുതെന്ന് അണ്ണന്‍ സിജിത്ത് തന്നെ കൂട്ടുകാര്‍ക്ക് നിര്‍ദ്ദേശവും നല്കിയിരുന്നു.
മെയ് മാസത്തില്‍ പരോളില്‍ ഇറങ്ങിയ ശേഷമാണ് വിവാഹം നിശ്ചയിച്ചതും ജൂണ്‍ അവസാനം വിവാഹം നടന്നതും. സിജിത്തിന് വിവാഹത്തിന് വേണ്ടി ചട്ട വിരുദ്ധമായാണ പരോള്‍ അനുവദിച്ചതെന്ന് ആക്ഷേപം ഉണ്ട്. ഒരു തടവുകാരന് വര്‍ഷത്തില്‍ 60 ദിവസം സാദാ പരോള്‍ ഉണ്ട്. ഇത് ആറുമാസം കൂടുമ്പോഴാണ് അനുവദിക്കാറ്. കൂടാതെ എമര്‍ജസി പരോളും അനുവദിക്കാറുണ്ട്. കോവിഡിന്റെ മറവിലാണ് സിജിത്തിന് ഇപ്പോള്‍ പരോള്‍ കിട്ടിയത്.
ടി പി കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് 2018 സെപ്റ്റംബറില്‍ പരോളില്‍ ഇറങ്ങി വിവാഹിതനായിരുന്നു. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ അടുത്ത ബന്ധുക്കളെ സാക്ഷി നിറുത്തിയാണ് വധുവിന് താലി ചാര്‍ത്തിയത്. വടകര സ്വദേശനിയെയാണ് കിര്‍മ്മാണി താലി കെട്ടിയത്. എ.എന്‍.ഷംസീര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു എന്ന ആരോപണം വിവാദമാവുകയും ചെയ്തിരുന്നു.
രണ്ടു കുട്ടികളുള്ള യുവതിയെ മുഹമ്മദ് ഷാഫി വിവാഹം ചെയ്തതോടെ, ഭര്‍ത്താവ് നിയമനടപടിയുമായെത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കൊടി സുനിയും പരോളില്‍ ഇറങ്ങി വിവാഹിതനായതായി റിപ്പോര്‍ട്ടുകളുണ്ട്.