ദിലീഷ് പോത്തന്‍- ഫഹദ് ചിത്രം ജോജി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന് ചുരുക്കം ചില വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. ചിത്രത്തില്‍ തെറി കൂടുതല്‍ ഉപയോഗിച്ചു എന്ന വിമര്‍ശനത്തിനാണ് ശ്യാമിന്റെ മറുപടി.
ഒരുപാട് ഡയലോഗ് പറയുന്നതിനു പകരം ഒരു തെറി ഉപയോഗിച്ചാല്‍ മതി എന്ന് തോന്നിയിട്ടുണ്ട്, അപ്പോള്‍ ഒരുപാട് എഴുതേണ്ട. സെന്‍സര്‍ ബോര്‍ഡിന് കൂടി കുഴപ്പമില്ല എന്ന് തോന്നുന്ന തെറി കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാറുണ്ട്.
അങ്ങനെയാണ് ‘പൊന്നു നായിന്റെ മോനെ’ എന്നൊക്കെ എഴുതേണ്ടി വരുന്നത്. ഈ സിനിമയില്‍ ഈ വീട്ടിലെ ആള്‍ക്കാര്‍ തെറി പറയുന്ന ആളുകളാണ് എന്നാണ് അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാമത്തെ കാഴ്ചയിലാണ് ഒന്നുകൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുക എന്ന് എല്ലാവരും പറയുന്നുണ്ട്. ‘പോപ്പി എന്റെ മോന്‍ ആണെന്ന് തോന്നുമോ’ എന്ന് ബാബുവേട്ടന്‍ ചോദിച്ചിരുന്നു , ഞാന്‍ പറഞ്ഞു അതൊക്കെ മനസ്സിലാകും പ്രേക്ഷകര്‍ ബുദ്ധിയുള്ളവരാണ്.
കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നുള്ള ജോലി ഒഴിവാക്കിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ അവരുടെ ജോലിയില്‍ അങ്ങ് പ്രവേശിക്കുകയാണ്, രണ്ടു മണിക്കൂര്‍ ഉണ്ടല്ലോ അതിനിടയില്‍ പ്രേക്ഷകര്‍ മനസിലാക്കിക്കൊള്ളും.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.