കൊച്ചി: ഡെലിവറി പാർട്ണർമാരുടെ സമരം തുടരുന്നതിൽ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗി. ‘കൊച്ചിയിലെ നൂറുകണക്കിന് ഡെലിവറി പങ്കാളികള്‍ക്ക് സ്ഥിരവും വിശ്വസനീയവുമായ വരുമാന അവസരം സ്വിഗ്ഗി പ്രാപ്തമാക്കിയിട്ടുണ്ട്. ശരാശരി, നഗരത്തിലെ ഞങ്ങളുടെ സജീവ ഡെലിവറി പങ്കാളികളുടെ പ്രതിവാര പേഔട്ട് കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കുക മാത്രമല്ല, അത് ഈ മേഖലയിലെ ഏറ്റവും മികച്ചതുമാണ്.
അവരുടെ പേഔട്ടുകള്‍ നന്നായി മനസ്സിലാക്കാനും ജോലിയിലേക്ക് മടങ്ങാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും നിലവില്‍ ഞങ്ങള്‍ ഡെലിവറി പങ്കാളികളുമായി സംസാരിച്ചുവരികയാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,’ – എന്നും സ്വിഗി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കൊച്ചിയിലെ സ്വിഗി വിതരണക്കാർ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിട്ടു. മിനിമം ചാർജ് ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. സമരത്തിനിടയിൽ ലേബർ കമ്മീഷണറുമായും ചർച്ച നടത്തിയിരുന്നെങ്കിലും എല്ലാം പരാജയപ്പെട്ടു. സ്വിഗ്ഗി കമ്പനിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നാല് കിലോമീറ്ററിന് ഇരുപത് രൂപ എന്ന കണക്കിൽ തുച്ഛമായ വേതനമാണ് ഓൺലൈൻ ഡെലിവറിക്കാർക്ക് കിട്ടുന്നതെന്നാണ് സമരക്കാരുടെ ഭാഗം.
മറ്റൊരു തേർഡ് പാർട്ടി കമ്പനിക്ക് സ്വിഗ്ഗി ഡെലിവറി അനുമതി നൽകിയതും ജീവനക്കാർക്ക് തിരിച്ചടിയായി. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഓൺലൈൻ ഡെലിവറിക്കാർ. കൊച്ചിയിലെ വിവിധ സോണുകളിലായി മൂവായിരത്തലധികം ഓൺലൈൻ വിതരണക്കാരാണ് സ്വിഗ്ഗിക്കുള്ളത്.
സമരത്തെ തുടർന്ന് കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും ഭക്ഷണ വിതരണം താളം തെറ്റിയ നിലയിലാണ്.സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും ഡെലിവറി തടസപ്പെടാതിരിക്കാനും കമ്പനി ഡെലിവറി പങ്കാളികൾക്കായി പ്രത്യേക ഓഫർ മുന്നോട്ട് വെച്ചെങ്കിലും എല്ലാവരും ഇതിനോട് മുഖംതിരിച്ചു.
നിലവിൽ നാല് കിലോീറ്ററിന് ഇരുപത് രൂപയാണ് നൽകുന്നത്.ഡെലിവറി കഴിഞ്ഞ് മടങ്ങുന്ന കിലോമീറ്റർ കൂടി കണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത സ്ഥിതി.ഡെലിവറിയുടെ മിനിമം നിരക്ക് രണ്ടര കിലോമീറ്ററിന് 35 രൂപയാക്കണമെന്നായിരുന്ന ആവശ്യം.