KeralaNews

സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡി യ്ക്ക്, 22 ന് ചോദ്യം ചെയ്യലിന് ഹാജരാവണം

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴിയെടുക്കാൻ ഇഡി. കോടതിയിൽ സ്വപ്ന സുരേഷ് (Swapna Suresh) 164 എ വഴി നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് സ്വപ്നയെ വിശദമായി ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താൻ ഇഡി തീരുമാനിച്ചത്. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.  ഇതിനിടെ കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. 

സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകി. 

അന്വേഷണത്തിന്‍റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്മെന്‍റിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. 

അടുത്ത ആഴ്ച സ്വപ്നയുടെ മൊഴി എടുക്കാൻ നോട്ടീസ് നൽകും. ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷ് കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നാണ് ഇഡി കരുതുന്നത്. ഇതോടൊപ്പം കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ശേഖരിക്കാനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലുമാണിത്. 

തിങ്കളാഴ്ച കോടതി ഈ അപേക്ഷ പരിഗണിക്കും. മൂന്ന് ദിവസമെടുത്ത് കോടതി രേഖപ്പെടുത്തിയ ഈ 164-ൽ ഉള്ള വിവരങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കസ്റ്റംസ് കേസിൽ അന്വേഷണം പൂർത്തിയായതിനാൽ ഇനി മൊഴി നൽകുന്നതിനെ കസ്റ്റംസ് എതിർക്കില്ലെന്നാണ് ഇഡി കരുതുന്നത്. നേരത്തെ നൽകിയ പല വിവരങ്ങളും കസ്റ്റംസ് അന്വേഷിച്ചില്ലെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ കൂടി ഉള്ള പശ്ചാത്തലത്തിലാണ് പഴയ മൊഴികൾക്കായുള്ള നീക്കം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker