ഷാജ് കിരൺ കൊച്ചിയിലെത്തി, അന്വേഷണസംഘത്തിന് മൊഴി നൽകും
കൊച്ചി: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഷാജ് കിരണ്‍ ബുധനാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. താന്‍ കൊച്ചിയിലെത്തിയെന്നും ബുധനാഴ്ച ഉച്ചയോടെ എറണാകുളം പോലീസ് ക്ലബില്‍ എത്തുമെന്നുമാണ് ഷാജ് കിരണ്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, തനിക്ക് പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു.
ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. ഷാജ് കിരണ്‍ വീട്ടിലെത്തി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്‌ന പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ഷാജ് കിരണും സുഹൃത്തായ ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് പോയി. ഫോണില്‍ സ്വപ്‌നക്കെതിരായ വീഡിയോകളുണ്ടെന്നും ഡിലീറ്റ് ചെയ്തതിനാല്‍ ഇത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടില്‍ പോയതെന്നുമായിരുന്നു ഇവരുടെ വിശദീകരണം.
എന്നാല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനാണ് ഇവര്‍ തമിഴ്‌നാട്ടില്‍ പോയതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. എന്തുകൊണ്ട് ഷാജ് കിരണിനെതിരേ കേസെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. ഇതിനിടെയാണ് ഷാജ് കിരണ്‍ കൊച്ചിയിലെത്തി മൊഴി നല്‍കുന്നത്.
അതിനിടെ, സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഇ.ഡി.യുടെ നീക്കം. പാലക്കാട്ട് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കും. പാലക്കാട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം.