സ്വര്‍ണ്ണക്കള്ളടത്ത് നിയന്ത്രിയ്ക്കുന്നത് സ്വപ്ന,സന്ദീപ് നായരുടെ മൊഴി
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിച്ചിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് സന്ദീപ് നായരുടെ മൊഴി. എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുന്ന ജോലി മാത്രമാണു തനിക്കുള്ളതെന്നും സന്ദീപ് അന്വേഷണസംഘത്തിന് മൊഴി നല്‍കി. ദുബായില്‍ നിന്നു കയറ്റി അയയ്ക്കുന്ന രീതി സ്വപ്നയ്ക്കു മാത്രമേ അറിയൂ. അവര്‍ തങ്ങള്‍ക്ക് മാഡം ആണെന്നും സന്ദീപ് പറഞ്ഞു.
ഓരോ തവണയും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയപ്പോഴും ഏറ്റവുമധികം പണം കൈവശപ്പെടുത്തിയത് സ്വപ്‌നയാണെന്നും സന്ദീപ് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റിലെ ഉന്നതനും വിഹിതം നല്‍കണമെന്നു പറഞ്ഞായിരുന്നു ഇത്. താന്‍ കൈമാറുന്ന സ്വര്‍ണം റമീസ് ആര്‍ക്കാണു കൊടുക്കുന്നതെന്ന് അറിയില്ല. താന്‍ പണ്ടു മുതല്‍ സ്വര്‍ണം കടത്തി കമ്മിഷന്‍ മാത്രം വാങ്ങുന്നയാളാണ്. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സ്വപ്ന നേരത്തേ ചെയ്തിരുന്നതാണെന്നും സന്ദീപിന്റെ മൊഴിയിലുണ്ട്.
സരിത്തിനെ തിരുവനന്തപുരം നഗരത്തില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തപ്പോള്‍ മുതല്‍ പരിചയമുണ്ട്. സരിത് കോണ്‍സുലേറ്റില്‍ ജോലിക്കു കയറിയപ്പോള്‍ സ്വപ്നയെ പരിചയപ്പെടുത്തി. സ്വര്‍ണക്കടത്ത് നയതന്ത്ര പാഴ്‌സല്‍ വഴിയാകുമ്ബോള്‍ ‘റിസ്‌ക്’ ഇല്ലെന്നു പറഞ്ഞതോടെയാണു താന്‍ അതിനൊപ്പം കൂടിയാതെന്നും സന്ദീപ് മൊഴി നല്‍കി.
സ്വപ്നയുടെ ഫ്ലാറ്റിലെ സൗഹൃദ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും താനും നാല് തവണ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ടെന്നും സന്ദീപ് വ്യക്തമാക്കി. നാല് തവണയും സരിതും ഉണ്ടായിരുന്നു. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്‌ളാറ്റില്‍ കാറില്‍ എത്തിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തോടു സന്ദീപ് വെളിപ്പെടുത്തി.
സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതിയാണു സന്ദീപ്. ഒന്നും രണ്ടും പ്രതികളാണ് സരിത്തും സ്വപ്നയും. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍, സന്ദീപിനെ പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നു ശിവശങ്കര്‍ പറഞ്ഞതായാണു വിവരം.