നിലമ്പൂരില്‍ ചരക്കുലോറിയില്‍ കടത്തിയ ഒന്നര കോടി രൂപ പിടിച്ചെടുത്തു

നിലമ്പൂര്‍: നാഗ്പൂരില്‍ നിന്ന് ചരക്ക് ലോറിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒന്നര കോടി രൂപ നിലമ്പൂരില്‍ ഹൈവേ പൊലീസ് പിടികൂടി. അരി ലോറിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. രണ്ട് ലോറികളും പിടിച്ചെടുത്തു.

എടപ്പാളില്‍ നിന്നും അടക്കയുമായി നാഗപ്പൂരിലേക്ക് പോയ ചരക്ക് ലോറി അരിയുമായി മടങ്ങി വരുന്നതിനിടയില്‍ നിലമ്പൂര്‍ വടപുറം പാലത്തിന് സമീപം എടപ്പാളില്‍ നിന്നും വന്ന മറ്റൊരു ലോറിയില്‍ എത്തിയവര്‍ക്ക് പണം കൈമാറുന്നതിനിടയിലാണ് പിടിയിലായത്. ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എഎസ്പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

ലോറി ഡ്രൈവര്‍, പണം വാങ്ങാനെത്തിയ രണ്ട് പേര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അടയ്ക്ക വില്‍പ്പന നടത്തിയ ശേഷം നികുതി ഒഴിവാക്കാന്‍ അക്കൗണ്ടില്‍ ഇടാതെ പണമായി ലോറിയില്‍ കൊണ്ടുവരികയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പണം നിലമ്പൂര്‍ സി ഐ. കെ എസ് ബിനുവിന് കൈമാറി. പിടിച്ചെടുത്ത 1.57 കോടി രൂപ കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്‌സ്‌മെന്റായിരിക്കും തുടര്‍ അന്വേഷണം നടത്തുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News