തിരുവനന്തപുരം:വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ സ്വര്‍ണ്ണം കടത്തിയ സംഭവം വന്‍ രാഷ്ട്രീയ വിവാദമായി വളര്‍ന്നതോടെ കേസില്‍ ഐടി വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ശിവശങ്കരന്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ്. കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ച സംഭവത്തിലും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ഇദ്ദേഹത്തോട് വിശദീകരണം തേടും. സ്വപ്നയുടെ നിയമനത്തെ കുറിച്ച് അറിയില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.
കെഎസ്‌ഐടിഎല്ലിന് കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസര്‍ ആയിരുന്നു സ്വപ്ന. താല്‍ക്കാലിക നിയമനം ആയിരുന്നു ഇവരുടേത്. ഇന്നലെ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സ്വപ്നയ്ക്ക് ഐടി വകുപ്പ് സെക്രട്ടറിയുമായി വളരെ അടുത്ത ബന്ധമാണെന്ന് ആരോപണം ഉയര്‍ന്നത് ഇതിന് പിന്നാലെയാണ്. സര്‍ക്കാരിന് തന്നെ വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമായി ഇതുമാറി. തിരുവനന്തപുരം മുടവന്‍മുഗളില്‍ സ്വപ്ന താമസിച്ചിരുന്ന ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നു ഐടി വകുപ്പ് സെക്രട്ടറിയെന്ന ആരോപണം കൂടി ഉയര്‍ന്നതോടെ ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനാണ് ആലോചന.
യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോ?ഗിച്ച് 15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് സ്വപ്നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു.
തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ആര്‍ക്കെല്ലാമാണ് നല്‍കിയത് എന്നതും അന്വേഷണ പരിധിയിലാണ്.