നീണ്ട ഇടവേളക്ക് ശേഷം ഒരുമിച്ച് അഭിനയിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക നായികാ കഥാപാത്രത്തെ അവതരിപ്പക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സൂര്യയും ഇന്ദ്രജ രവിചന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ചിത്രത്തില്‍ നായികയായി ജ്യോതികയും എത്തുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതുവരെ പേര് ഇട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് സിനിമയുടെ നിര്‍മ്മാണം.
16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിക്കാന്‍ ഒരുങ്ങുന്നത്. 2006ല്‍ പുറത്തിറങ്ങിയ ‘സില്ലിന് ഒരു കാതല്‍’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. ‘ജൂണ്‍ ആര്‍’, ‘പേരഴകന്‍’, ‘ഉയിരിലെ കലന്തത്’, ‘പൂവെല്ലാം കേട്ടുപാര്‍’, ‘കാക്ക കാക്ക’, ‘മായാവി’ എന്നിവയാണ് ഇരുവരും ഒരുമിച്ചഭിനയിച്ച മറ്റ് സിനിമകള്‍.
എതര്‍ക്കും തുനിന്തവനാ’ണ് സൂര്യയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച് 10നാണ് റിലീസ് ചെയ്യും. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലാണ് റിലീസ് ചെയ്യുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രമെത്തും. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.