സൂരറൈ പോട്ര് ഹിന്ദിയിൽ അതിഥി താരമായി സൂര്യ, അക്ഷയ് കുമാറിനൊപ്പം ചിത്രം പങ്കുവെച്ച് താരം
സൂര്യ നായകനായി എത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്രി’ന്റെ(Soorarai Pottru) ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രത്തിൽ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുവെന്ന വാർത്ത രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഉറപ്പിക്കുകയാണ് സൂര്യ. സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
‘അക്ഷയ് കുമാറിനെ കാണുന്നത് ഒരു നൊസ്റ്റാള്‍ജിക് അനുഭവമായിരുന്നു. ഞങ്ങളുടെ കഥ മനോഹരമായി വീണ്ടും സജീവമാകുന്നത് കാണാം. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിച്ചു. സുരറൈ പോട്ര് ഹിന്ദിയില്‍ ചെറിയ അതിഥി വേഷത്തില്‍’, എന്നാണ് അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സൂര്യ ട്വീറ്റ് ചെയ്തത്. അക്ഷയ് കുമാറിനെയും സംവിധായക സുധ കൊങ്ങരയെയും താരം ടാഗ് ചെയ്തിട്ടുണ്ട്.
ഹിന്ദി റീമേക്കിന്റെ ആദ്യ ഷെഡ്യൂൾ ഇതിനോടകം പൂർത്തിയാക്കിയിരുന്നു. ചെന്നൈയിൽ നടക്കുന്ന രണ്ടാം ഷെഡ്യൂളിലാകും സൂര്യ അഭിനയിക്കുക എന്നാണ് നേരത്തെ വന്ന റിപ്പോർട്ടുകൾ. കമൽ ഹാസന്റെ ‘വിക്രമി’ന് ശേഷം സൂര്യയുടെ മറ്റൊരു അതിഥി വേഷത്തിന്റെ പ്രതീക്ഷയിലാണ് ആരാധകരിപ്പോൾ.
സുധ കൊങ്കര തന്നെയാണ് ഹിന്ദിയുടെയും സംവിധാനം. സൂര്യ അവതരിപ്പിച്ച നെടുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആണ്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധനും എത്തുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അപര്‍ണ ബാലമുരളി അവതരിപ്പിച്ചത്.
.@akshaykumar sir to see you as #VIR was nostalgic! @Sudha_Kongara can see our story beautifully coming alive again #Maara! Enjoyed every minute with team #SooraraiPottru Hindi in a brief cameo! @vikramix pic.twitter.com/ZNQNGQO2Fq
— Suriya Sivakumar (@Suriya_offl) June 15, 2022