അശ്ലീല കമന്റിട്ട യുവാവിന് ചുട്ടമറുപടിയുമായി സുരഭി ലക്ഷ്മി
അശ്ലീല കമന്റിട്ട യുവാവിന് ചുട്ടമറുപടിയുമായി നടി സുരഭി ലക്ഷ്മി. യുവാവിന്റെ ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചാണ് സുരഭിയുടെ പോസ്റ്റ്. സുഹൃത്ത് നിര്‍മ്മിച്ച ത്രീഡി മാസ്‌ക്ക് പരിചയപ്പെടുത്തിയ വീഡിയോയ്ക്ക് താഴെയാണ് അശ്ലീലച്ചുവയുള്ള കമന്റുമായി യുവാവ് എത്തിയത്.
ഈ കൊവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍ ശ്രമിക്കൂ എന്ന് സുരഭി പറയുന്നു. ഈ കണ്ണീര്‍ കാലത്തും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ലെന്ന് സുരഭി ഫെയ്സ്ബുക്കില്‍ കുറിച്ചു.
സുരഭിയുടെ കുറിപ്പ്:
ഇരുണ്ട കോവിഡ് കാലമാണിത്… ഓരോ നാണയത്തുട്ടുകള്‍ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയര്‍ത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതില്‍ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3D RRAY MASK എന്ന പേരില്‍ അവള്‍ തുടങ്ങിയ സംരംഭത്തിന് ഒപ്പം നില്‍ക്കാന്‍ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലര്‍.
അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം മുളയ്ക്കുന്ന ചില കൃമികള്‍. ഈ കണ്ണീര്‍ക്കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ല. തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തന്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവന്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക. ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍.