25.1 C
Kottayam
Thursday, May 9, 2024

വീട്ടുകാര്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി കാട്ടില്‍ അകപ്പെട്ടത് ആറു മണിക്കൂര്‍, സംഭവം ഇടുക്കിയില്‍

Must read

കോതമംഗലം: വീട്ടുകാര്‍ ഹോം വര്‍ക്ക് ചെയ്യാന്‍ പറഞ്ഞതില്‍ പിണങ്ങി വീടുവിട്ടിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ഥി കാട്ടില്‍ അകപ്പെട്ടത് ആറു മണിക്കൂര്‍. ഇടുക്കി കീരിത്തോടാണ് ഒരു നാടിനെ മുള്‍മുനയിലാക്കിയ സംഭവം. ഓണ്‍ലൈന്‍ ക്ലാസില്‍ പഠിപ്പിച്ച പാഠഭാഗം ഹോം വര്‍ക്ക് ചെയ്യാന്‍ അമ്മ കുട്ടിയോട് ആവശ്യപ്പെട്ടതിലെ ഇഷ്ടക്കേടും ദേഷ്യവുമാണ് വീടുവിട്ടിറങ്ങാന്‍ കാരണമെന്നാണറിയുന്നത്.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ കുട്ടിയോട് ഹോം വര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിച്ച് വീട്ടുജോലികള്‍ ചെയ്യുകയായിരുന്ന മാതാവ് അല്‍പ്പം കഴിഞ്ഞ് നോക്കിയപ്പോള്‍ കുട്ടിയെ വീട്ടില്‍ കണ്ടില്ല. പരിസരത്ത് മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂട്ടുകാരുടെ അടുത്ത് തിരക്കിയപ്പോള്‍ അവിടെയും എത്തിയിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും വനപാലകരും അഗ്‌നിരക്ഷാസേനയും പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും അടങ്ങിയ സംഘം കാട്ടിലേക്ക് തെരച്ചില്‍ വ്യാപിപ്പിക്കുകയായിരുന്നു. ഇരുട്ട് പരന്നതോടെ തെരച്ചിലിനും ബുദ്ധിമുട്ടായി.

അന്വേഷണത്തിനിറങ്ങിയവര്‍ കാടിന്റെ മുക്കുംമൂലയും പരിശോധിച്ചു. ഉച്ചത്തില്‍ കുട്ടിയുടെ പേര് വിളിച്ചു കൊണ്ടാണ് കാട്ടില്‍ തെരഞ്ഞത്. കുട്ടിയുടെ വീട്ടില്‍ നിന്ന് ഏകദേശം ആറുകിലോമീറ്റര്‍ ദൂരെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ നഗരമ്പാറ സ്റ്റേഷന്‍പരിധിയില്‍ ആറാം കൂപ്പിന് സമീപം പാംബ്ല തേക്കും പ്ലാന്റേഷനില്‍ തെരയുന്നതിനിടെ കുട്ടി വിളി കേട്ടു.

ശബ്ദം കേട്ട ഭാഗത്ത് പരിശോധിച്ചപ്പോഴാണ് ഒരു പാറപ്പുറത്ത് അള്ളിപ്പിടിച്ച് ഇരുന്ന നിലയില്‍ കുട്ടിയെ കണ്ടത്. കൈവിട്ടാല്‍ താഴേക്ക് പതിച്ച് ജീവഹാനി സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു കുട്ടി. കൂരിരുട്ടത്ത് പാറമുകളില്‍ ഇരുന്ന് ഭയന്ന് നിലവിളച്ചിരിക്കുകയായിരുന്ന കുട്ടിയെ വനപാലകര്‍ സാഹസികമായാണ് താഴേയിറക്കിയത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week