ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക്കിസ്ഥാൻ സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമെന്നും, ഇമ്രാനെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കോടതിക്ക് ഉള്ളിൽനിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു. മറ്റു പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്ന് ഇമ്രാനോട് കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് ഉമർ അതാ ബാൻഡിയലിന്റേതാണ് ഉത്തരവ്. അഴിമതിക്കേസിൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയിലായിരുന്നു ഇമ്രാൻ. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ മുഹമ്മദ് അലി മഹസർ, അതർ മിനല്ലാഹ് എന്നിവരായിരുന്നു മറ്റംഗങ്ങള്‍.
പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അധ്യക്ഷനാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ. ഇസ്‍ലാമാബാദ് ഹൈക്കോടതിയിൽനിന്നാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റും റിയൽ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ചായിരുന്നു അറസ്റ്റ്.