ഞാന്‍ പറഞ്ഞത് സത്യമാണോയെന്ന് അറിയാത്ത കാര്യം, പറഞ്ഞതില്‍ കുറ്റബോധം’; പെപ്പെയോട് മാപ്പ് പറഞ്ഞ് ജൂഡ് ആന്തണി

കൊച്ചി: നടൻ ആന്റണി വർഗീസിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘അങ്ങനെ പറയേണ്ടിയിരുന്നില്ല, പറഞ്ഞ ടോണും മാറിപ്പോയി. അദ്ദേഹത്തിന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാൻ അവരോട് മാപ്പ് പറയുകയാണ്. അത് പറയാൻ ഞാൻ അവരെ വിളിച്ചിരുന്നു, എന്നാൽ കിട്ടിയില്ല. ഞാൻ ആ നിർമ്മാതാവിന്റെ കാര്യമേ അപ്പോൾ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി,’ ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി.

സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്റണി തന്റെ കൈയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നായിരുന്നു നേരത്തെ, ജൂഡ് നടത്തിയ പരാമർശം. ഇതിന് പിന്നാലെയാണ് ജൂഡിന്റെ വാക്കുകൾ തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് പെപ്പെ പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News