ചെന്നൈ:നാടിന്റെയൊന്നടങ്കം പ്രര്‍ത്ഥനകളും ദിവസങ്ങള്‍ നീണ്ട പരിശ്രമവും വൃഥാവിലാക്കി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി.നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാവിലെ മുതല്‍ കുട്ടിയ്ക്ക് ശ്വസനം നടക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമായിരുന്നു.
പുലര്‍ച്ചെ 4.25 നാണ് മരണം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കുഴല്‍ക്കിണറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച രാത്രി പത്തരയോടെ കുഴല്‍ക്കിണറിനുളളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഇക്കാര്യ തമിഴ്‌നാട് റവന്യു സെക്രട്ടറി ജി.രാധാകൃഷ്ണന്‍ ഔദ്യോഗികമായി പുറത്തുവിട്ടു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ബ്രിട്ടോ-കലൈമേരി ദമ്പതികളുടെ ഇളയമകനായ രണ്ടുവയസുകാരന്‍ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്.ആദ്യം കരയില്‍ നിന്നും 25 അടി താഴ്ചയില്‍ തങ്ങിനിന്ന സുജിത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നതിനിടെ 90 അടി താഴ്ചയിലേക്ക് നീങ്ങി.
കുട്ടി കുടുങ്ങിയ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ നിര്‍മ്മിച്ച് സമാന്തരമായി നിര്‍മ്മിയ്ക്കുന്ന തുരങ്കത്തിലൂടെ കുട്ടിയെ രക്ഷിയ്ക്കുന്നതിനുള്ള പദ്ധതിയാണ് ദേശീയ ദുരന്തനിവാരണ സേന തയ്യാറാക്കിയത്. കട്ടിയുള്ള പാറയും പ്രതികൂല കാലാവസ്ഥയും മൂലം തുറങ്ക നിര്‍മ്മാണം ഉദ്ദേശിച്ച വേഗതയില്‍ മുന്നോട്ടു പോയില്ല. രക്ഷാ പ്രവര്‍ത്തന നടപടികള്‍ വേഗത്തിലാക്കുന്നതിനായി രണ്ടു മന്ത്രിമാരും ചീഫ് സെക്രട്ടറിയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകൊപിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കുട്ടിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിയ്ക്കപ്പെട്ടത്.