കേരളത്തിന് നാലു പുതിയ ട്രെയിനുകള്‍,ഓടിത്തുടങ്ങുക പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം അനുവദിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയില്‍വേയുടെ ടൈംടേബിള്‍ കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ് ട്രെയിനുകള്‍ സംസ്ഥാനത്ത് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ പകല്‍ സമയത്തോടുന്ന രണ്ട് ട്രെയിനുകളെന്ന നിര്‍ദേശം ഇപ്പോള്‍ അംഗീകരിച്ചില്ലെങ്കിലും 2020 അവസാനത്തോടെ അനുവദിക്കുമെന്നാണ് സൂചന. ബംഗളൂരുവില്‍ നിന്നും മംഗലാപുരത്തുനിന്നും രണ്ടുവീതം ട്രെയിനുകളും ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നും ഒരോ ട്രെയിനുകള്‍ വീതവുമാണ് നിര്‍ദേശിക്കപ്പെട്ടത്. ഇതില്‍ മംഗലാപുരം – തിരുവനന്തപുരം റൂട്ടിലെ രണ്ടെണ്ണം ഒഴിച്ച് മറ്റ് നാല് ട്രെയിനുകള്‍ക്കും റെയില്‍ മന്ത്രാലയം പച്ചക്കൊടി കാണിച്ചു.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെ പാതയിരട്ടിപ്പിക്കല്‍ നടപടി 2020 മധ്യത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ നിഗമനം. ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരത്തെ നിര്‍മാണ പ്രവര്‍ത്തനം മാത്രമാണ് ഇനി ബാക്കിയുള്ളത്. പാതയിരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന വ്യവസ്ഥയോടെയാണ് പുതിയ ട്രെയിനുകള്‍ അനുവദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News