KeralaNews

അനില്‍കുമാറിനെ പുറത്താക്കിയെന്ന് സുധാകരന്‍

തിരുവനന്തപുരം: നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാജി പ്രഖ്യാപിച്ച കെ.പി അനില്‍കുമാറിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അനില്‍കുമാറിന്റെ രാജിപ്രഖ്യാപനത്തിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണമുണ്ടായത്.

അനില്‍കുമാറിനെ പുറത്താക്കാന്‍ പാര്‍ട്ടി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ അച്ചടക്കം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് ഡിസിസി അധ്യക്ഷനാകാന്‍ അനില്‍കുമാറിന് മോഹമുണ്ടായിരുന്നു. പക്ഷേ, നേതൃത്വത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ പേര് പ്രവര്‍ത്തകരോ നേതാക്കളോ നല്‍കിയില്ല. ആര്‍ക്കും അത്തരമൊരു താത്പര്യമുണ്ടായില്ലെന്നും അതിനാലാണ് പരിഗണിക്കാതിരുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അനില്‍ കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രാജിക്കാര്യം ഇ മെയില്‍ വഴി കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. 43 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച അനില്‍കുമാര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് എകെജി സെന്ററില്‍ എത്തുന്ന അനില്‍കുമാര്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തും.

ഉപാധികളൊന്നും ഇല്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. സിപിഎമ്മില്‍ അനില്‍കുമാറിന് പദവികളൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് അനില്‍കുമാര്‍ പടിയിറങ്ങിയത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തപോലെയാണ് സുധാകരന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് എത്തിയത്.

തനിക്കെതിരേ നടപടിയെടുക്കാന്‍ കാരണമായ പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. തന്റെ രക്തത്തിനും വേണ്ടിയും തലയറുക്കാന്‍ വേണ്ടിയും കാത്തിരിക്കുന്നവരുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button