കൊട്ടാരക്കര: മോഷണം പോയ മാലയ്ക്ക് പകരം സുഭദ്രയ്ക്ക് സ്വര്‍ണവളകള്‍ സമ്മാനിച്ച സ്ത്രീയെ കണ്ടെത്തി ആദരിക്കാന്‍ ഒരുങ്ങുകയാണ് നാട്. വളകള്‍ സമ്മാനിച്ചുവെന്ന് പറയുന്ന ആ സ്ത്രീയുടെ ദൃശ്യങ്ങള്‍ പട്ടാഴി ക്ഷേത്രത്തിലെ ഭാരവാഹികള്‍ പുറത്തുവിട്ടു. മാല മോഷണം പോയ സംഭവത്തില്‍ കുന്നിക്കോട് പൊലീസും അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം.
ഉത്സവദിവസം പട്ടാഴി ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്ര(67)യുടെ രണ്ട് പവനോളം വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. ക്ഷേത്ര പരിസരത്തു കരഞ്ഞു നിലവിളിച്ച സുഭദ്രയ്ക്ക് ഇത് കണ്ടു നിന്ന സ്ത്രീ തന്റെ രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണവളകള്‍ നല്‍കുകയായിരുന്നു.
അമ്മ കരയേണ്ടെന്നും ഈ വള വിറ്റ് മാല വാങ്ങിച്ച ശേഷം വന്ന് തൊഴുതാല്‍ മതിയെന്നുമായിരുന്നു ആ സ്ത്രീ പറഞ്ഞത്. പിന്നീട് ആ പരിസരം മുഴുവനും തേടിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
സുഭദ്ര പറയുന്നത് പോലെ കറുത്ത കണ്ണട ധരിച്ച സ്ത്രീ ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാഴ്ചയ്ക്ക് കുറവ് ഉണ്ടെന്ന് തോന്നിക്കുന്ന സ്ത്രീ മറ്റൊരു സ്ത്രീയുടെ സഹായത്തിലാണ് സുഭദ്രയ്ക്ക് അരികിലേക്ക് എത്തുന്നതും. ഇന്നലെ മൈലത്തെ വീട്ടില്‍ എത്തി പട്ടാഴി ദേവീ ക്ഷേത്ര ഭാരവാഹികള്‍ ക്യാമറ ദൃശ്യങ്ങള്‍ സുഭദ്രയെ കാണിച്ച് ഉറപ്പു വരുത്തി.