നെടുങ്കണ്ടം: ഇടുക്കി രാമക്കല്‍മേട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ പ്ലസ് ടു വിദ്യാര്‍ഥി സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ കല്‍പ്പകഞ്ചേരി കടായിക്കല്‍ അബ്ദുള്‍നാസറിന്റെ മകന്‍ നിഹാല്‍ (17) ആണ് മരിച്ചത്.
രക്ഷാകർത്താക്കൾ അറിയാതെയാണ് 95 കുട്ടികൾ അടങ്ങുന്ന വിദ്യാർത്ഥി സംഘം രണ്ട് ടൂറിസ്റ്റ് ബസുകളിലായി മലപ്പുറത്ത് നിന്നും രാമക്കൽമേട് എത്തിയത്. കുറവൻ കുറത്തി സ്റ്റാച്യുവിന് സമീപമുള്ള ലിമൺ മൗണ്ട് റിസോർട്ടിലാണ് ഇവർ മുറിയെടുത്തിരുന്നത്. 260 കിലോമീറ്ററിലധികം ദൂരമുണ്ട് മലപ്പുറത്ത് നിന്നും രാമക്കൽമേട് വരെ. മാതാപിതാക്കൾ അറിയാതെ ഇത്രയും ദൂരം താണ്ടിയാണ്
കൗമാരപ്രായക്കാരായ വിദ്യാർത്ഥികൾ വിനോദസഞ്ചാരത്തിനെത്തിയത്.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും കഴിഞ്ഞ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.കോവിഡിന്റെ പശ്ചാത്തലത്തിൽ
സ്കൂളിൽ നിന്നുള്ള വിനോദയാത്രകൾ ഒഴിവാക്കിയിരുന്നു. എന്നാൽ സ്കൂളിൽ നിന്ന് ടൂർ പോകാൻ കാത്തിരുന്ന കുട്ടികൾ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അറിവോ സമ്മതമോ ഇല്ലാതെ തന്നിഷ്ട പ്രകാരം സംഘം ചേർന്ന് യാത്രകൾ നടത്തുന്നത് പതിവായിട്ടുണ്ട്.ആരുടെയും നിരീക്ഷണത്തിലല്ലാത്തതിനാൽ സാഹസികത പരീക്ഷിക്കാനും കുട്ടികൾ മുതിരും.ഇത് വലിയ ആപത്തുകൾക്കും വഴിതെളിയ്ക്കുന്നു.