KeralaNews

അതിരമ്പുഴയിൽ തെരുവ് നായശല്യം രൂക്ഷം,രാത്രിയിൽ നായ്ക്കൾ സൃഷ്ടിക്കുന്നത് ഭയാനക അന്തരീക്ഷം

അതിരമ്പുഴ:ഇരുചക്രവാഹനങ്ങൾക്ക് മരണക്കെണിയൊരുക്കി കൊടുംവളവിൽ നായ്ക്കളുടെ സ്വതന്ത്രവിഹാരം. ആതിരമ്പുഴയിലെ പ്രധാനവീഥികൾ കയ്യേറി രാത്രികാലങ്ങളിലാണ് നായ്ക്കൾ നരനായാട്ട് നടത്തുന്നത്. സെന്റ് മേരിസ് ദേവാലയത്തിന്റെ കുരിശ് തൊട്ടി മുതൽ മനയ്ക്കപ്പാടം വരെ നാൽപ്പതിലേറെ പട്ടികളാണ് യാത്രക്കാർക്ക് ഭീഷണിയാവുന്നത്.

ഇരുചക്ര വാഹനങ്ങളുടെ മുന്നിൽ ചാടി വീഴുമ്പോൾ പാളിപോകുന്നത് ഓരോ കുടുംബത്തിന്റെയും പ്രതീക്ഷകളാണ്. വാഹനങ്ങളുടെ മുന്നിലേയ്ക്ക് നായ്ക്കൾ കുരച്ചു ചാടുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. ഇതുവരെ ജീവൻ പൊലിയാതിരുന്നത് ഭാഗ്യം ക്കൊണ്ട് മാത്രം.

മറ്റം കവലയിലെ ട്രാൻസ്‌ഫോർമറിനു സമീപം പലപ്പോഴും നായ്ക്കൾ മാംസാവശിഷ്ടങ്ങൾ കൊത്തിവലിക്കുന്നത് കാണാറുണ്ട്. സാമൂഹ്യവിരുദ്ധർ ഇരുട്ടിന്റെ മറവിൽ മാംസമാലിന്യങ്ങൾ സ്ഥിരമായി വഴികളിൽ തള്ളുന്നതാണ് നായ്ക്കൾ കൂട്ടം കൂടാൻ കാരണമാകുന്നത്. ഇരുട്ട് വീണുകഴിയുമ്പോൾ മാത്രമാണ് പലസ്ഥലങ്ങളിൽ നിന്നുള്ള നായ്ക്കൾ കൂട്ടമായെത്തി ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും നായ് ശല്യം രൂക്ഷമാണ്. അതിരമ്പുഴ ചന്തക്കുളത്തിന് സമീപവും നായ്ക്കൾ കൂട്ടംകൂടാറുണ്ട്. ഏറ്റവും അപകടകരമായ സ്ഥിതിവിശേഷം ഉപ്പുപുരയ്‌ക്കൽ കവലയിലാണ്. കൊടുംവളവ് താണ്ടി ഇറക്കം ഇറങ്ങുന്ന ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് കുതിച്ചു ചാടുന്ന നായ്ക്കൾ ഉയർത്തുന്നത് ചില്ലറ ഭീഷണിയല്ല. കാറിനും ജീപ്പിനും പിന്നാലെയും നായ്ക്കൾ കുരച്ചുചാടുന്നത് പതിവാണെങ്കിലും അപകടസാധ്യത കുറവാണ്.

കഴിഞ്ഞ ഒരു വർഷത്തിലധികമായി അപകടകരമായ സാഹചര്യം നിലനിൽക്കുമ്പോൾ അധികാരികൾ ആനപ്പുറത്ത് ഇരിക്കുന്നകൊണ്ടാവാം നായയെ ഭയക്കാത്തതും നടപടികൾ ഒന്നും ഇതുവരെ സ്വീകരിക്കാത്തതും. അതോ ഇനി ഒരു മരണവാർത്ത വരുന്നത് വരെ കാത്തിരിക്കുകയാണോ എന്നും സംശയമുണ്ട്. ഭരണഘടന പ്രദാനം ചെയ്യുന്ന മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യമാണ് ഇവിടെ നായ്ക്കൾ കടിച്ചു വലിക്കുന്നത്.

കാൽനടയാത്രക്കാരന്റെ അവസ്ഥ വളരെ ദയനീയമാണ്. വളവിലെ വഴിവിളക്കുകൾ തെളിയാത്തതും ഭീതി ഇരട്ടിപ്പിക്കുന്നുണ്ട്. രാത്രിയിൽ ബസ് ഇറങ്ങുന്നവർ ജീവനും കൈയിൽ പിടിച്ചാണ് ഓടുന്നത്. ഏഴുമണിക്ക് ശേഷം വഴിനടക്കാൻ കഴിയാത്ത വിധം നായ്ക്കൾ റോഡ്‌ കയ്യേറുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം പറയേണ്ടതില്ല. ബസ് ഇറങ്ങുന്ന സ്ത്രീകൾ നായ്ക്കളെ ഭയന്ന് ഒരു കിലോമീറ്ററിൽ താഴെ സഞ്ചരിക്കാൻ മറ്റു മാർഗ്ഗം തേടേണ്ട അവസ്ഥയാണുള്ളത്.

തെരുവുനായ്ക്കൾക്ക് ദിവസവും ഭക്ഷണം നൽകുന്ന ഒരുപാട് മൃഗസ്നേഹികൾ നമ്മുടെ നാട്ടിലുണ്ട്. തെറ്റ് പറയുന്നില്ല, പക്ഷേ മനുഷ്യസ്നേഹത്തിന് മുകളിലാവരുത് മൃഗസ്നേഹം എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഇതിന് ഒരു ശാശ്വത പരിഹാരം കാണാൻ എല്ലാ അതിരമ്പുഴ നിവാസികളും ഒന്നിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏

വാർത്ത തയ്യാറാക്കിയത്: അജാസ് വടക്കേടം

[നാടറിയേണ്ട വാർത്തകൾ നിങ്ങളുടെ ചുറ്റുവട്ടത്തുണ്ടോ? വാർത്തകളും ചിത്രങ്ങളും 9074035436 നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക]

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button