28.4 C
Kottayam
Tuesday, April 30, 2024

അധ്യാപികയുടെ മൊബൈൽ മോഷ്ടിച്ച് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം; സസ്‌പെൻഷൻ

Must read

കൊല്ലം : സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അശ്ലീലസന്ദേശമയച്ച സംഭവത്തിൽ പരാതിക്കാരിയായ അധ്യാപികയെ ഉൾപ്പെടെ സസ്പെൻഡ് ചെയ്തത് സി.പി.എമ്മിൽ പുതിയ വിവാദത്തിനു കാരണമായി.

അന്തരിച്ച മുതിർന്ന നേതാവ് ഇ.കാസിമിന്റെ മകളും ഫിസിക്കൽ എജുക്കേഷൻ അധ്യാപികയുമായ കെ.എസ്.സോയയുടെ ഫോൺ സ്കൂളിലെ സ്റ്റാഫ് റൂമിൽനിന്ന് ഫെബ്രുവരി ഏഴിനാണ് നഷ്ടപ്പെട്ടത്. തുടർന്ന്‌ സിം ബ്ലോക്ക് ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

സ്കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം സ്കൂളിലെ അധ്യാപകരായ പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

പ്രതികളായ അധ്യാപകരെ സ്കൂളിൽ ഹാജരാകാത്തതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത മാനേജ്മെന്റ് പരാതിക്കാരിയായ കെ.എസ്.സോയയെയും അധ്യാപകനായ സി.എസ്.പ്രദീപിനെയും കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ അച്ചടക്കലംഘനത്തിന് സസ്പെൻഡ് ചെയ്തു.

ഈ നടപടിയാണ് പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കണമെന്ന പാർട്ടിയുടെ നിർദേശം അംഗീകരിക്കാത്തതിനാലാണ് പരാതിക്കാരിയായ അധ്യാപികയെ സസ്പെൻഡ് ചെയ്തതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

കെ.എസ്.ടി.എ. ചവറ ഉപജില്ലാ ജോയന്റ് സെക്രട്ടറിയും എസ്.എഫ്.ഐ. മുൻ ജില്ലാ ജോയൻറ് സെക്രട്ടറിയുമായ സി.എസ്.പ്രദീപിനോട് സ്കൂളിന്റെ ചുമതലയുള്ള പാർട്ടിയിലെ മുതിർന്ന നേതാവിനുള്ള വിരോധമാണ് അദ്ദേഹത്തിന്റെ സസ്പെൻഷന് കാരണമെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week