FootballNewsSports

സൂപ്പര്‍ ഹീറോ വേഷത്തില്‍ താരങ്ങള്‍,കളിക്കളത്തിലെ ഫെയ്‌സ് ഷീല്‍ഡിന് പിന്നിലെന്ത്‌?

ദോഹ:2022 ലെ ഖത്തർ ലോകകപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. നിലവിൽ ഞായറാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-ഫ്രാൻസ് മത്സരത്തോടെ ഖത്തറിന്റെ മണ്ണിൽ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് അവസാനമാകും. പിന്നീട് വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ഖത്തർ ലോകകപ്പിൽ അവശേഷിക്കുന്നത്.

എന്നാൽ ലോകകപ്പിൽ ചില താരങ്ങൾ മത്സരിക്കുമ്പോൾ കറുത്ത തരത്തിലുള്ള ഒരു ഫെയ്സ് ഷീൽഡ് ധരിക്കുന്നത് എന്തിന് എന്നുള്ള ചോദ്യങ്ങൾ പല കോണുകളിൽ നിന്നും ഉയർന്ന് വരുന്നുണ്ട്.

ഖത്തർ ലോകകപ്പിൽ കൊറിയൻ മുന്നേറ്റ നിര താരം സൺ-ഹ്യുങ്‌-മിൻ, ബെൽജിയത്തിന്റെ പ്രതിരോധനിര താരം തോമസ് മ്യൂനിയർ, ക്രൊയേഷ്യയുടെ പ്രതിരോധ നിര താരം ജോസ്ക്കോ ഗ്വാർഡിയോൾ, ഇറാനിയൻ ഗോൾ കീപ്പർ അലീറെസ ബെയ്റൻവാദ്, ടുണീഷ്യയുടെ മിഡ്‌ഫീൽഡർ ഇല്യാസ് ശിഹ്രി എന്നിവരാണ് ഫെയ്സ് ഷീൽഡ് ധരിച്ച് മത്സരത്തിനിറങ്ങിയത്.

എന്നാൽ പല ഫുട്ബോൾ ആരാധകർക്കും താരങ്ങൾ എന്തിനാണ് ഈ ഫെയ്സ് ഷീൽഡ് ധരിക്കുന്നതെന്ന് ധാരണയില്ല.
കളിക്കളത്തിൽ താരങ്ങൾ ധരിക്കുന്ന ഫെയ്സ് മാസ്ക്കിന് പ്രധാനമായും പ്ലെയെഴ്സിനെ മുമ്പ് ഏറ്റ പരിക്കിൽ നിന്നും സംരക്ഷിക്കുക എന്ന ധർമമാണ് നിർവഹിക്കാനുള്ളത്.

പോളികാർബണേറ്റ് മറ്റ് ഹൈ-ടെക്ക് സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇത്തരം സുരക്ഷാ മാസ്ക്കുകൾ തയാറാക്കുന്നത്.

മുമ്പ് മുഖത്തിനേറ്റ പരിക്കുകൾ ഗുരുതരമാകാതിരിക്കാനാണ് ഇത്തരം സംരക്ഷണ മാസ്ക്കുകൾ താരങ്ങൾ ധരിക്കുന്നത്. ത്രീഡീ പ്രിന്റിങ്ങ്സാങ്കേതികവിദ്യ ഉപയോഗിച്ച് കളിക്കാരുടെ മുഖത്തിന്‌ അനുയോജ്യമായ രീതിയിലാണ് ഇത്തരം ഫെയ്സ് ഷീൽഡ് തയാറാക്കുന്നത്. മാക്സിമം സംരക്ഷണം കളിക്കാരുടെ മുഖത്തിന്‌ ഉറപ്പ് വരുത്തുക എന്നതാണ് ഈ മാസ്ക്കുകളുടെ പ്രഥമമായ ഉപയോഗം.

ദക്ഷിണ കൊറിയൻ താരവും ടോട്ടൻഹാമിന്റെ മുന്നേറ്റ നിരയിലെ പകരം വെക്കാനില്ലാത്ത കളിക്കാരനുമായ സൺ-ഹ്യുങ്‌-മിൻ ആണ് ഫെയ്സ് മാസ്ക് ധരിച്ച് ലോകകപ്പ് കളിക്കാനിറങ്ങിയ പ്രമുഖ താരം. യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിനായി ഫ്രഞ്ച് ക്ലബ്ബ് മാഴ്സലേക്കായി കളിക്കുമ്പോൾ മുഖത്തിനേറ്റ ഗുരുതരമായ പരിക്ക് മൂലമാണ് സണ്ണിന് ഫെയ്സ് മാസ്ക് ധരിക്കേണ്ടി വന്നത്.

ക്രൊയേഷ്യൻ താരമായ ജോസ്കോ ഗ്വാർഡിയോൾ എസ്.സി. ഫ്രൈബർഗിനെതിരെ ആർ.ബി.ലെയ്പ്സിഗ്ഗിനായി കളിക്കുമ്പോൾ മുഖത്തിനേറ്റ പരിക്ക് മൂലമാണ് ഫെയ്സ് മാസ്ക് ധരിച്ച് കളിക്കാനിറങ്ങുന്നത്. കൂടാതെ ഇംഗ്ലണ്ടിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഇറാനിയൻ ഗോളി അലീറെസ ബെയ്റൻവാദിനും ഫെയ്സ് മാസ്ക് ധരിക്കേണ്ടി വന്നിരുന്നു.

ഫെയ്സ് മാസ്ക് ഉപയോഗിച്ചാൽ മികച്ച രീതിയിൽ കളിക്കുന്നതിന് തടസമുണ്ടാകുമോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്.

എന്നാൽ ഈ ആശങ്കകൾക്കും കൊറിയൻ താരം സൺ മറുപടി പറഞ്ഞിട്ടുണ്ട്.
“ഇത് നന്നായി നിർമിക്കപ്പെട്ട ഉപകാരണമാണ്. വളരെ ലൈറ്റാണിത് കൂടാതെ മുഖത്ത് ഇറുകിയിരിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായി ഇതുപയോഗിച്ച് കളിക്കാൻ സാധിക്കുന്നുണ്ട്,’ സൺ പറഞ്ഞു.

മുമ്പ് പ്രശസ്ത ചെക്ക് റിപ്പബ്ലിക്കൻ ഗോൾ കീപ്പർ പീറ്റർ ചെക്ക് ധരിച്ചിരുന്ന മുഖാവരണം ആരാധകർക്കിടയിൽ ചർച്ചാ വിഷയമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button