26.1 C
Kottayam
Monday, April 29, 2024

എസ്‌എസ്‌എല്‍വി വിക്ഷേപണം പ്രതീക്ഷിച്ച വിജയമല്ല,ഇതുവരെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല,വിശദീകരണവുമായി ഐഎസ്‌ആര്‍ഒ

Must read

ശ്രീഹരിക്കോട്ട: എസ്‌എസ്‌എല്‍വി വിക്ഷേപണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്നതിനിടെ വിശദീകരണവുമായി ഐഎസ്‌ആര്‍ഒ രംഗത്ത്.

എസ്‌എസ്‌എല്‍വി ഉപയോഗിച്ച്‌ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചുവെന്നാണ് ഐഎസ്‌ആര്‍ഒ പറയുന്നത്. എന്നാല്‍ നിശ്ചയിച്ച ഇടത്തിലും താഴെയാണ് ഈ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതുവരെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

വിക്ഷേപണം അടക്കം എസ്‌എസ്‌എല്‍വിയുടെ ആദ്യ പറക്കലിന്‍റെ തുടക്കം കൃത്യമായിരുന്നു. ഇസ്രൊയുടെ പുതിയ റോക്കറ്റ് കൃത്യം ഒന്ന് 9.18ന് തന്നെ വിക്ഷേപിച്ചു. മൂന്നാം ഘട്ട ജ്വലനം പൂര്‍ത്തിയായതിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമായത്. മൂന്നാംഘട്ടത്തിന്‍റെ ചാര്‍ട്ടില്‍ തന്നെ ഈ വ്യതിയാനം വ്യക്തമായിരുന്നു.

ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല വെലോസിറ്റി ട്രിമിംഗ് മൊഡ്യൂള്‍ എന്ന അവസാന ഭാഗത്തിനാണ്. ഇത് പ്രവര്‍ത്തിച്ചോ ഇല്ലയോ എന്നതാണ് സംശയം. ആശയക്കുഴപ്പം നിലനില്‍ക്കെ ഉപഗ്രങ്ങള്‍ വേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലെ സ്ക്രീനില്‍ തെളിഞ്ഞു. പിന്നാലെ ഉപഗ്രഹം വേര്‍പ്പെട്ടുവെന്ന അറിയിപ്പും വന്നു. ഐഎസ്‌ആര്‍ഒ കണ്‍ട്രോള്‍ റൂമില്‍ വിജയഘോഷങ്ങള്‍ ഉയര്‍ന്നു.

എസ്‌എസ്‌എല്‍വി ആദ്യ ദൗത്യം വിജയമെന്ന പ്രതീതിയായിരുന്നു കണ്‍ട്രോള്‍ റൂമില്‍ നിന്നും പുറത്തേക്ക് ലഭിച്ചത്. എന്നാല്‍ സ്ഥിരീകരണം തരേണ്ട ഐഎസ്‌ആര്‍ഒ പിന്നാലെ വീണ്ടും നിശബ്ദതയിലായി. എന്താണ് സംഭവിച്ചതെന്നതില്‍ ആശയക്കുഴപ്പം. ഒടുവില്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്റെ പ്രതികരണം വന്നു.

മാധ്യമങ്ങളെ കണ്ട ഐഎസ്‌ആര്‍ഒ തലവന്‍ അവസാനഘട്ടത്തിലെ പ്രശ്നം സൂചിപ്പിച്ചു. എസ്‌എസ്‌എല്‍വിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിര്‍വഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്‌ടപ്പെട്ടുവെന്ന് ഐഎസ്‌ആര്‍ഒ മേധാവി സോമനാഥ് പറഞ്ഞു. ഞങ്ങള്‍ ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം എന്നാണ് ഐഎസ്‌ആര്‍ഒ മേധാവി അറിയിച്ചത്.

അവസാനം മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഇസ്രൊയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വന്നു. ഉദ്ദേശിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങള്‍ സ്ഥാപിച്ചത്. നിലവില്‍ അവ അവിടെ സുരക്ഷിതമല്ല. ദൗത്യം പരാജയമല്ല, പക്ഷേ ഇത് പ്രതീക്ഷിച്ച വിജയവുമല്ല. എസ്‌എസ്‌എല്‍വിക്ക് മുന്നില്‍ ഇനിയും കടമ്ബകള്‍‌ ബാക്കിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week