25.3 C
Kottayam
Saturday, May 18, 2024

മോഹൻലാലുമായി അത്ര നല്ല ബന്ധമല്ല, ലാലിൻ്റെ കാപട്യങ്ങളെ കുറിച്ച് തുറഞ്ഞുപറഞ്ഞിട്ടുണ്ട്,മരിക്കുന്നതിന് മുൻപ് എഴുതും: ശ്രീനിവാസൻ

Must read

കൊച്ചി:ഒരിടവേളയ്ക്കുശേഷം സിനിമാ ജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും പറ്റി തുറന്നു സംസാരിച്ച് നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സിനിമയിലെ ബന്ധങ്ങളെക്കുറിച്ചും പിണറായി, മോദി, നെഹ്റു തുടങ്ങിയവരുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിലാണ് താരം നിലപാടുകള്‍ പങ്കുവച്ചത്.

സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പോയായ മോഹന്‍ലാലുമായി അത്രനല്ല ബന്ധമല്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. ” മോഹൻലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറഞ്ഞുപറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് അതിനെപ്പറ്റിയെല്ലാം എഴുതും” – ശ്രീനിവാസൻ വ്യക്തമാക്കി. ‘ഡോ. സരോജ്‌കുമാർ’ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോഹൻലാൽ എല്ലാം തികഞ്ഞ നടനാണെന്നും ചിരിച്ചുകൊണ്ട് ശ്രീനി പറയുന്നു. മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റിയുള്ള ചോദ്യത്തിന് പരസ്പരമുണ്ടായ രസകരമായ നിമിഷങ്ങളാണ് ശ്രീനിവാസന്‍ പങ്കുവച്ചത്.

ശ്രീനിവാസൻ തിരക്കഥയെഴുതിയ ‘സന്ദേശം’ പോലെയൊരു സിനിമ ഇന്നത്തെ കാലത്ത് എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന ചോദ്യത്തിന് അതുകൊണ്ടൊന്നും ഇനി കാര്യമില്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ആക്ഷേപഹാസ്യം കൊണ്ട് രാഷ്ട്രീയക്കാരെ മെച്ചപ്പെടുത്താമെന്ന വിശ്വാസം നഷ്ടമായി. ഇന്നത്തെ രാഷ്ട്രീയം അതുംകടന്ന് പോയിരിക്കുന്നു. സന്ദേശം സിനിമയിൽ കാണുന്നതെല്ലാം യഥാർത്ഥത്തിൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണ്. തന്റെ ചേട്ടൻ കമ്മ്യൂണിസ്റ്റ്കാരനും താൻ എബിവിപി പ്രവർത്തകനുമായിരുന്ന കാലത്ത് സിനിമയിൽ കാണുന്നപോലെയുള്ള രംഗങ്ങളെല്ലാം വീട്ടിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നല്ല ഒരാളെ കാണിച്ചുതരാമോയെന്നാണ് ശ്രീനിവാസൻ ചോദിച്ചത്. ” പിണറായി വിജയൻ എംഎൽഎയായിരുന്ന കാലത്ത് തന്നെ അദ്ദേഹവുമായി പരിചയമുണ്ട്. എന്നാൽ എല്ലാവരെയും പോലെ അധികാരം അദ്ദേഹത്തെയും ദുഷിപ്പിച്ചു. ജവഹർലാൽ നെഹ്‌റു അധികാരത്തിലേറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പിൽ വല്ലഭായ് പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ അധികാരത്തിലേറിയത് നെഹ്‌റുവും” – ശ്രീനിവാസന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചൊരു വിലയിരുത്തൽ നടത്താൻ സമയമായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാംതവണ അധികാരത്തിലെത്തിയിട്ടും വിലയിരുത്താനായില്ലേയെന്ന ചോദ്യത്തിന് മോദി – അദാനി ബന്ധത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നായിരുന്നു ശ്രീനിവാസന്റെ മറുചോദ്യം.

ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് കോൺഗ്രസിലും ശേഷം എബിവിപിയിലും പ്രവർത്തിച്ചിട്ടുണ്ട്. അച്ഛനും അദ്ദേഹത്തിന്റെ കുടുംബവും കമ്മ്യൂണിസ്റ്റായിരുന്നു. അതുകൊണ്ട് മാത്രമാണ് ആ പാർട്ടിയിൽ ചേർന്നത്. പിന്നീട് അമ്മയുടെ കോൺഗ്രസ് ചായ്‌വിനെ തുടർന്ന് കോളേജ് പഠനകാലത്ത് കെഎസ്‌യുവിലും ചേർന്നു. അക്കാലത്ത് രാഷ്ട്രീയമായ തിരിച്ചറിവുകളൊന്നും ഉണ്ടായിരുന്നില്ല. അന്നൊക്കെ ഏത് പാർട്ടിയിലും ചേരാൻ ഒരുക്കമായിരുന്നു. കോളേജ് വിട്ടശേഷം ആർഎസ്എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയിലും പ്രവർത്തിച്ചിരുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week