30 C
Kottayam
Friday, May 17, 2024

എനിക്ക് പറയാന്‍ കഴിയില്ല. കരയാനേ കഴിയൂ;വിദ്യാർത്ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്ത് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

Must read

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്ത് പങ്കു inവച്ച് മന്ത്രി വി ശിവന്‍കുട്ടി. അക്ഷരങ്ങള്‍ അറിയാതെ മൂന്നാം ക്ലാസിലേക്ക് എത്തിയ വിദ്യാര്‍ഥിയെ എല്ലാം പഠിപ്പിച്ച്, കൂടുതല്‍ അറിവുകള്‍ നല്‍കിയതിന് നന്ദി പ്രകടിപ്പിച്ച് കൊണ്ടുള്ള കത്താണ് മന്ത്രി പുറത്തുവിട്ടത്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ കിട്ടിയ അംഗീകാരം ആണിതെന്നും ഒരു അധ്യാപികയ്ക്ക് ഇതിനേക്കാള്‍ അംഗീകാരം എന്ത് വേണമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

കത്തിലെ വാചകങ്ങള്‍ ഇങ്ങനെ: ‘ടീച്ചറിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. നേരിട്ട് പറഞ്ഞാല്‍ എനിക്ക് പറയാന്‍ കഴിയില്ല. കരയാനേ കഴിയൂ. കാരണം ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ ഇത്രയും ആക്കിയെടുത്തതിന്. ആദ്യമായിട്ട് നേഴ്‌സറിയില്‍ കൊണ്ടുവിടുന്ന ഒരു കുട്ടിയെ പോലെയാണ് അവന്‍ മൂന്നാം ക്ലാസിലേക്ക് വന്നത്. ഒന്നും വായിക്കാനോ, എഴുതാനോ അക്ഷരങ്ങള്‍ എല്ലാം മറന്നു പോയ അവസ്ഥയില്‍ ടീച്ചര്‍ എന്തായിരിക്കും പറയുന്നത് എന്ന ഒരു പേടി എനിക്കുണ്ടായിരുന്നു.

എന്നാല്‍ ടീച്ചറിനെ അടുത്ത് അറിഞ്ഞപ്പോള്‍ എന്നെക്കാളും നല്ല ഒരു അമ്മയുടെ അടുത്തേക്ക് അയച്ച ഒരു സന്തോഷം ആയിരുന്നു എനിക്ക്. അവന്‍ എല്ലാത്തിനും സുരക്ഷിതമായ കൈകളിലേക്കാണ് ചെന്നത്. എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട് ടീച്ചര്‍. സ്വന്തം മക്കളെ പോലെ കരുതി സ്‌നേഹിച്ചതിന്. എല്ലാം പഠിപ്പിച്ചതിന്.

കൂടുതല്‍ അറിവുകള്‍ നല്‍കിയതിന്. ഇനിയും ടീച്ചറിന് ഒരുപാട് ഉയരങ്ങളിലേക്ക് എത്താന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ടീച്ചര്‍, കുടുംബം, കുട്ടികള്‍ ഉണ്ടാകും. ഒരുപാട് സ്‌നേഹത്തോടെ.’

കത്ത് വൈറലായതോടെ മറ്റ് അധ്യാപകരുടെ പ്രതികരണങ്ങളും മന്ത്രി ശിവന്‍കുട്ടിക്ക് മറുപടിയായി ലഭിക്കുന്നുണ്ട്. ‘ഇത്തരം കത്തുകള്‍ ലഭിക്കുന്നുണ്ട്. അധ്യാപകനായതില്‍ അഭിമാനം തോന്നുന്നു..’ തുടങ്ങിയ മറുപടികളാണ് മന്ത്രിയുടെ കമന്റ് ബോക്‌സില്‍ നിറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week