തിരുവനന്തപുരം: നിയമസഭയിൽ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. പി പി ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം ആവർത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയിൽ ആണ് സ്പീക്കറുടെ ഇടപെടൽ. ഈ ശൈലി ആവർത്തിക്കരുത് എന്ന സ്പീക്കരുടെ നിർദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു.
ഈ വിഷയത്തിൽ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങൾക്ക് ആരോഗ്യമന്തി നൽകിയത് ഒരേ മറുപടി എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാൻ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചു എ പി അനിൽ കുമാർ സ്പീക്കർക്ക് പരാതി നല്കി. ഈ പരാതിയിലാണ് സ്പീക്കറുടെ കർശന ഇടപെടൽ. ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി ആവർത്തിച്ചു നൽകരുത്. ഇത്തരം ശൈലി ഒഴിവാക്കണം എന്നും സ്പീക്കര്‍ അസാധാരണ മുന്നറിയിപ്പ് മന്ത്രിക്ക് നല്കി.