24.9 C
Kottayam
Friday, May 10, 2024

സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു, പോലീസുകാരിയെ മർദിച്ചു; വ്‌ളോഗർ ‘ബുള്ളറ്റ് റാണി’ അറസ്റ്റിൽ

Must read

ഗാസിയാബാദ്: സ്‌കൂട്ടറില്‍ കാറിടിപ്പിക്കുകയും പിന്നാലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും ചെയ്‌തെന്ന കേസില്‍ വ്‌ളോഗറായ യുവതി അറസ്റ്റില്‍. ബൈക്കുകളിലും കാറുകളിലുമുള്ള അഭ്യാസപ്രകടനങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയയായ ശിവാംഗി ദബാസിനെയാണ് ഗാസിയബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി സിറ്റി പാര്‍ക്ക് ജങ്ഷന് സമീപത്താണ് ശിവാംഗി ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ വനിതാ കോണ്‍സ്റ്റബിളായ ജ്യോതി ശര്‍മയുടെ സ്‌കൂട്ടറിലിടിച്ചത്. മറികടക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജ്യോതി ശര്‍മ റോഡിലേക്ക് തെറിച്ചുവീണു. എന്നാല്‍ അപകടത്തിന് പിന്നാലെ കാറില്‍നിന്ന് പുറത്തിറങ്ങിയ ശിവാംഗി പോലീസുകാരിയുമായി വാക്കേറ്റമുണ്ടാക്കുകയും ഇവരെ മര്‍ദിക്കുകയുമായിരുന്നു. പോലീസുകാരിയെ റോഡില്‍ തള്ളിയിട്ട യുവതി, മുഖത്തടിക്കുകയും ചെയ്തു. തന്നോട് കളിച്ചാല്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ജ്യോതി ശര്‍മ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും ശിവാംഗിയെ പിടികൂടുകയുമായിരുന്നു.

പോലീസിന്റെ ‘ഡയല്‍ 112’ പട്രോളിങ് സംഘത്തില്‍ ജോലിചെയ്യുന്ന ജ്യോതി ശര്‍മ, രാത്രി ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ശിവാംഗി കോണ്‍സ്റ്റബിളുമായി തട്ടിക്കയറുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ ‘ബുള്ളറ്റ് റാണി’ എന്ന പേരിലറിയപ്പെടുന്ന ശിവാംഗി, വാഹനങ്ങളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം മൂന്നുലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ മെയ് മാസത്തിലും ശിവാംഗിക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് പോലീസ് യുവതിയെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്. ഇതിനുപിന്നാലെയാണ് വാഹനാപകടക്കേസില്‍ വ്‌ളോഗര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week