'യുവ സൂപ്പർസ്റ്റാർ സെറ്റിൽവെച്ച് കടന്നുപിടിച്ചു'; ഗുരുതര ആരോപണവുമായി നടി സോണിയ മൽഹാർ
കൊച്ചി:യുവ നടനെതിരെ ഗുരുതര ആരോപണവുമായി നടി സോണിയ മല്‍ഹാര്‍. മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ പറഞ്ഞു. മ. 2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവമെന്നും സോണിയ പറഞ്ഞു.
ഹാസ്യനടന്റെ ഭാഗത്തുംനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയത്.
ഒരു ഓഫീസ് സ്റ്റാഫിന്റെ റോള്‍ ആയിരുന്നു ആ സിനിമയില്‍. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ അവിടെനിന്നും കോസ്റ്റിയൂം തന്നു. ഒരു ഫാം പോലുള്ള സ്ഥലത്തുനിന്നായിരുന്നു സിനിമാഷൂട്ടിങ്. ടോയ്‌ലറ്റില്‍ പോയി തിരിച്ച് വരുന്ന സമയത്താണ് അയാള്‍ എന്നെ കടന്നുപിടിച്ചത്. അയാളെ അതിന് മുമ്പ് പരിചയമില്ല. യാതൊരു അനുവാദവും കൂടാതെ എന്നെ കയറിപ്പിടിക്കുകയായിരുന്നു. ആദ്യമായി അഭിനയിക്കാനെത്തിയ ഞാന്‍ ആകെ പേടിച്ചുപോയി.
ലൊക്കേഷനിലെത്തിയപ്പോള്‍ സംവിധായകന്‍ ഇതാണ് സിനിമയിലെ ഹീറോ എന്നുപറഞ്ഞ് അയാളെ എനിക്ക് പരിചയപ്പെടുത്തിയിരുന്നു. ആദ്യമായി അവരെയെല്ലാം കണ്ടതിലുള്ള ആശ്ചര്യം എനിക്കുണ്ടായിരുന്നു. വളരെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് പെട്ടെന്ന് എന്നോടിങ്ങനെ മോശമായി പെരുമാറിയത്.
ഞാന്‍ പേടിച്ച് വിറച്ചു പോയി. ബലമായി എന്നെ പിടിച്ചുവെച്ചപ്പോള്‍ ഞാന്‍ അയാളെ തള്ളിമാറ്റി. കരഞ്ഞുകൊണ്ട് എന്താണിത്, എനിക്ക് സിനിമയില്‍ അഭിനയിക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് അങ്ങനെ സംഭിവിച്ചുപോയതാണ്, അയാള്‍ക്ക് എന്നെ ഇഷ്ടമാണ് എന്നാണ് മറുപടി പറഞ്ഞത്. അന്ന് ഞാന്‍ സോഷ്യല്‍ വര്‍ക്കൊക്കെ ചെയ്യുന്ന സമയമായിരുന്നു. നിങ്ങളൊരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നെന്ന് പറഞ്ഞു. ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം എന്നെല്ലാം പറഞ്ഞു. അവിടെവെച്ച് എന്നെ പ്രൊപ്പോസ് ചെയ്യുന്നപോലെ പെരുമാറി.
അന്ന് ഞാന്‍ എതിര്‍ത്ത് സംസാരിച്ചു. എന്നോട് ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലും ഞാന്‍ നല്‍കിയില്ല. വീട്ടിലെത്തി ഭര്‍ത്താവിനോട് നടന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. നാല് ദിവസം ഷൂട്ടിന് പോയിരുന്നു. പിന്നീട് അയാള്‍ മാപ്പ് പറഞ്ഞു.
ഇപ്പോള്‍ ഇത് തുറന്ന് പറഞ്ഞത് ആളുകള്‍ക്ക് പെണ്‍കുട്ടികളെ ചൂഷ്ണം ചെയ്യാന്‍ എളുപ്പത്തില്‍ കിട്ടും എന്നുള്ള ധാരണ മാറണം എന്നുള്ളതുകൊണ്ടാണ്. എല്ലാ കലാകാരികള്‍ക്കും ഒരുത്തനേയും പേടിക്കാതെ അഭിനയിച്ച്, വീട്ടില്‍ പോകാന്‍ കഴിയണം. ഞാന്‍ പല സിനിമലൊക്കേഷനിലും എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകള്‍ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രശ്‌നങ്ങളില്ലാത്ത ലൊക്കേഷനില്‍ സുഖമായി അഭിനയിച്ച് തിരിച്ച് പോരാം. എന്നാല്‍ സിനിമയില്‍ ഞാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടുണ്ട്.-സോണിയ പറഞ്ഞു.