31.7 C
Kottayam
Monday, May 13, 2024

പിതാവ് ആശുപത്രിയില്‍ അജ്ഞാത മൃതദേഹമായി കിടന്നത് അഞ്ചു ദിവസം; മകന്‍ എത്തിച്ചു നല്‍കിയിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു കൊവിഡ് രോഗിക്ക്

Must read

തിരുവനന്തപുരം: പിതാവ് ആശുപത്രിയില്‍ അജ്ഞാത മൃതദേഹമായി കിടക്കുന്നതറിയാതെ മകന്‍ ഭക്ഷണവും വസ്ത്രവും എത്തിച്ച് നല്‍കിയത് അഞ്ചു ദിവസം. തലവൂര്‍ ഞാറക്കാട് വലിയപാറ കുഴിയില്‍ സുലൈമാന്‍ കുഞ്ഞാണ് അജ്ഞാത മൃതദേഹമായി അഞ്ചു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ കിടന്നത്. ഈ കാലയളവില്‍ മകന്‍ പിതാവിനായി എത്തിച്ചു നല്‍കിയിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു കൊവിഡ് രോഗിക്കാണ്.

ഈ സമയത്തും മകന്‍ നൗഷാദ് ഭക്ഷണവും വസ്ത്രവും കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചുകൊണ്ടിരുന്നു. നെഗറ്റീവായി വാര്‍ഡിലേക്കു മാറ്റിയ പിതാവിനെ കാണാന്‍ ചെന്ന മകന്‍ കണ്ടത് മറ്റൊരു സുലൈമാന്‍ കുഞ്ഞിനെയാണ്. മേല്‍വിലാസം മാറിപ്പോയെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ആശുപത്രികള്‍ കയറിയിറങ്ങി നടത്തിയ അന്വേഷണത്തിനൊടുവില്‍ നൗഷാദ് തിരുവനന്തപുരത്തെ മോര്‍ച്ചറിയില്‍ നിന്നാണ് പിതാവിനെ കണ്ടെത്തുന്നത്.

ഓഗസ്റ്റ് 26നാണ് സുലൈമാനുമായി മകന്‍പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. 15 ദിവസം കഴിഞ്ഞപ്പോള്‍ സുലൈമാന് കൊവിഡ് പോസിറ്റീവായി. പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയാണെന്ന് അധികൃതര്‍ പറഞ്ഞു. പിറ്റേന്ന് പാരിപ്പള്ളിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെയില്ലെന്നും, കൊല്ലം എസ്.എന്‍. കോളജിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അറിയിച്ചു. അവിടെയെത്തി അച്ഛനെ ഏല്‍പ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ കൈമാറി തിരികെ പോന്നു.

ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ അവിടെ ചെന്നപ്പോള്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയെന്നു പറഞ്ഞു. അവിടെയെത്തിയപ്പോള്‍ വീണ്ടും പാരിപ്പള്ളിയിലേക്ക് കൊണ്ടുപോയെന്നറിയിച്ചു. അവിടെ പോയി വസ്ത്രങ്ങളും ഭക്ഷണവും കൈമാറി മടങ്ങി. നഴ്സിനെ വിളിച്ച് വിവരങ്ങളന്വേഷിച്ചുകൊണ്ടിരുന്നു. ഒക്ടോബര്‍ 16ന് വിളിച്ചപ്പോള്‍ അച്ഛന് കൊവിഡ് നെഗറ്റീവായി വാര്‍ഡിലേക്ക് മാറ്റിയെന്നു പറഞ്ഞു. അച്ഛനെ കാണാന്‍ ചെന്നപ്പോഴാണ് അതു സുലൈമാനല്ലെന്ന് മനസ്സിലായത്. അത് ശാസ്താംകോട്ട സ്വദേശിയായ അതേ പേരും അതേ പ്രായവുമുള്ള മറ്റൊരാളായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി. അവിടെ മോര്‍ച്ചറിയില്‍ സുലൈമാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 13-ാം തിയതിയാണ് സുലൈമാന്‍ മരിച്ചത്. 17നാണ് മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കം നടത്തി. സുലൈമാന്റെ വിവരങ്ങള്‍ അറിയിക്കാന്‍ മൂന്ന് ഫോണ്‍ നമ്പറുകള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ആരും വിവരം അറിയിച്ചില്ലെന്നും മകന്‍ പറഞ്ഞു.

എന്നാല്‍ എസ്.എന്‍. കോളജിലെ കൊവിഡ് കേന്ദ്രത്തില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് മകനെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ മറുപടി. ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവശനായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. അവിടെ ഐസിയു ഒഴിവില്ലാത്തതിനാല്‍ തിരുവനന്തപുരത്തേക്കയച്ചു. വിലാസത്തില്‍ പിശകുണ്ടായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week