കൊച്ചി: കോതമംഗലത്ത് യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിവെച്ചുമരിച്ച സംഭവത്തില്‍ പോലീസിനെതിരെയും യുവാവിനെതിരെയും വിമര്‍ശനമുയരുന്നു. തനിക്ക് കിട്ടാത്തത്, ആര്‍ക്കും കിട്ടണ്ടേ എന്ന ക്രൂര മനോഭാവമായിരുന്നു രാഖിലിന് ഉണ്ടായിരുന്നത്. ‘എനിക്ക് ഒരിക്കല്‍ക്കൂടി അവളോട് സംസാരിക്കണം. അവള്‍ എതിര്‍ത്തു പറയുകയാണെങ്കില്‍ പിന്നെ ഞാന്‍ പിന്തിരിയും’ എന്ന് സുഹൃത്തിനോട് പറഞ്ഞ രാഖില്‍ പക്ഷെ എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു.
മാനസയുടെ അപ്രതീക്ഷിത മരണത്തിലെ ഞെട്ടലിലാണ് കുടുംബം ഇപ്പോഴും. ഇതിനിടയില്‍ മാനസയെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ രാഖിലിനെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയകളില്‍ ചിലര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത്തരം ക്രൂരകൃത്യം ചെയ്യുന്നവരെ നോര്‍മലൈസ് ചെയ്ത് ന്യായീകരിക്കുന്നവര്‍ക്കും ഇത്തരം മനോഭാവം തന്നെയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
‘ആ പയ്യനും വീടും വീട്ടുകാരുമില്ലേ. അവര്‍ക്കും സങ്കടം ഉണ്ടാവില്ലേ. അവന്‍ തെറ്റ് ചെയ്തു. ഒരു കൈ അടിച്ചാല്‍ ശബ്ദം കേള്‍ക്കില്ലല്ലോ. തെറ്റ് രണ്ടു ഭാഗത്തും കാണും. അതൊക്കെ തെളിയട്ടെ. വെറുതെ ആരെയും ബലിയാടക്കേണ്ട. രണ്ടു വീട്ടുകാര്‍ക്കും പോയി. അത്ര തന്നെ’ എന്നാണു ഒരാളുടെ വക കമന്റ്. ഇത്തരക്കാര്‍ മാനസയെ കുറ്റക്കാരി ആക്കാനും ശ്രമിക്കുന്നുണ്ട്.
മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ രാഖില്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്. രാഖില്‍ ശല്യം ചെയ്യുന്നുണ്ടെന്ന് മാനസയും മാനസയുടെ വീട്ടുകാരും പോലീസില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍, അന്ന് സംഭവം പോലീസ് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. പിന്നീട് മാനസയെ രാഖില്‍ ശല്യം ചെയ്യുന്നുണ്ടോയെന്ന് പോലീസ് അന്വേഷിച്ചില്ല. പോലീസിന്റെ ഭാഗത്തും ഇതുസംബന്ധിച്ച് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം.